Ultimate magazine theme for WordPress.

കോവിഡ് പ്രതിസന്ധി: ജനങ്ങളെ വിധിക്ക് വിട്ടു കൊടുത്ത് സര്‍ക്കാര്‍ മാറിനില്‍ക്കുന്നു:   രമേശ് ചെന്നിത്തല

0

തിരുവനന്തപുരം:  കോവിഡ് എല്ലാ നിയന്ത്രണവും വിട്ട് കാട്ടുതീ പോലെ പടരുകയാണെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെപ്പോലെ നോക്കി നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  തിരുവനന്തപുരത്ത് പരിശോധിക്കുന്ന രണ്ടില്‍ ഒരാള്‍ക്ക് കോവിഡ് എന്ന ഭയാനകമായ അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.  സംസ്ഥാനത്ത് ആകമാനം ടി.പി.ആര്‍ നിരക്ക് 35.27% മാണ്. തിരുവനന്തപുരത്ത് 47.8%. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചു കഴിഞ്ഞു. പക്ഷേ സര്‍ക്കാര്‍ ഇപ്പോഴും ആലോചനയിലാണ്. അവലോകന യോഗം പോലും നാളെ ചേരാന്‍ ഇരിക്കുന്നതേയുള്ളൂ.

തന്റെ കഴിവില്ലായ്മ ആരോഗ്യ മന്ത്രി ഇതിനകം തെളിയിച്ചു കഴിഞ്ഞു. സാധാരണ ടെലിവിഷനില്‍ വന്ന് വാചക കസര്‍ത്തു നടത്തുന്ന മുഖ്യമന്ത്രിയെയും ഇത്തവണ കാണാനില്ല.സര്‍ക്കാര്‍ ജനങ്ങളെ പൂര്‍ണ്ണമായും കൈവിട്ടിരിക്കുകയാണ്. ഈ മഹാമാരി കാലത്ത് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അവരെ വിധിക്ക് എറിഞ്ഞു കൊടുത്തിട്ട് മാറി നില്‍ക്കുന്നു.ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥ സര്‍ക്കാരും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മും വരുത്തി വച്ചതാണ്.സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് മൂന്നാം തരംഗത്തിന്റെ തുടക്കം കണ്ടിട്ടും സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാതിരുന്നത്.

- Advertisement -

ടെസ്റ്റുകള്‍ നടത്തിയില്ല. മുന്നൊരുക്കങ്ങള്‍ ചെയ്തില്ല. രോഗവ്യാപനം മൂടി വച്ച് പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് കൊഴുപ്പു കൂട്ടാനാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിച്ചത്.കോവിഡ് ജനങ്ങളെ വിഴുങ്ങുമ്പോള്‍ മെഗാ തിരുവാതിര നടത്തി രസിക്കുകയായിരുന്നു ഭരണക്കാര്‍.അത് കഴിഞ്ഞ് ജില്ലാ കളക്ടര്‍ പൊതു പരിപാടികള്‍ നിരോധിക്കുകയും മരണത്തിനും വിവാഹത്തിനും 50 പേര്‍ മാത്രമെന്ന നിബന്ധന കൊണ്ടു വന്നിട്ടും സി.പി.എം അടച്ചിട്ട ഹാളില്‍ മൂന്നൂറിലധികം പേരെ തിരുകി നിറച്ച് സമ്മേളനം തുടര്‍ന്നു. ജനങ്ങളോടുള്ള പുച്ഛവും അധികാരത്തിന്റെ ഗര്‍വ്വും അഹങ്കാരവുമാണ്  സി.പി.എം  പ്രകടിപ്പിച്ചത്. ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെ ജില്ലാ കളക്ടറുടെ ഉത്തരവ് കാറ്റില്‍ പറത്തിയാല്‍ അത് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്?

കോവിഡിന്റെ മൂന്നാം തരംഗമുണ്ടായിട്ടും സ്‌കൂളുകളും കോളേജുകളും അടയ്ക്കാത്തതിന് കേരളം വലിയ വിലയാണ് നല്‍കേണ്ടി വന്നിരിക്കുന്നത്. പല സ്‌കൂളുകളും കോളേജുകളും ക്‌ളസ്റ്ററുകളായി രൂപപ്പെട്ടിരിക്കുന്നു കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഈ മാസം 25 നാണ്. അതിന് വേണ്ടിയാണ് കോളേജുകള്‍ പൂട്ടാതിരുന്നത്.മൂന്നാം തരംഗം വരികയാണെന്ന് ആവശ്യത്തിലേറെ മുന്നറിയിപ്പുകള്‍ നേരത്തെ ലഭിച്ചതാണ്. ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണ്ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ തുടക്കത്തില്‍ തന്നെ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു. ആശുപത്രികളില്‍ മുന്നൊരുക്കങ്ങള്‍ നടത്തി. അത് കാരണം അവര്‍ക്ക് രോഗവ്യാപനം നിയന്ത്രിക്കാനായി.

കേരളത്തിലെ ആശുപത്രികളില്‍ അത്യാവശ്യ മരുന്നും കോവിഡ് പ്രതിരോധത്തിനുള്ള സജ്ജീകരണങ്ങളുമില്ലെന്ന് പലേടത്തു നിന്നും പരാതി ഉയരുന്നു.ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കോവിഡിന്റെ മറവില്‍ വന്‍ കൊള്ളയടിയാണ് സര്‍ക്കാര്‍ നടത്തിയത്. അതിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. അഴിമതിയുടെ ഫയലുകള്‍ അപ്പാടെ നശിപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.  ജനങ്ങളുടെ ജീവന്‍ വച്ചു കളിക്കരുത്. സര്‍ക്കാര്‍ ഇനിയെങ്കിലും ഉണര്‍ന്നു യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.