പന്ത്രണ്ടായിരം കോടി രൂപയുടെ കടക്കെണിയിൽ മുങ്ങി നിൽക്കുന്ന രുചി സോയ എന്ന കോർപ്പറേഷനെ ബാബ രാംദേവിന്റെ പതാഞ്ജലി ഗ്രൂപ്പ് സ്വന്തമാക്കിയത് 98.9 ശതമാനം ഷെയറിൽ. ബാക്കി 1.1 ശതമാനം പൊതു നിക്ഷേപകരാണ്. കമ്പനി സ്വന്തമാക്കിയതിന് പിന്നാലെ രുചി സോയ കടക്കെണയിൽ നിന്നും മുക്തരാവുമെന്നും ബാബ രാംദേവ് പ്രഖ്യാപിച്ചു. എഫ് പി ഒയ്ക്ക് ശേഷം പതാഞ്ജലി ഗ്രൂപ്പിന്റെ ഓഹരി 81 ശതമാനമായി കുറയും. സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ് കമ്പനിയായ രുചി സോയയെ 2019ൽ 1000 കോടി രൂപയ്ക്കാണ് പതാഞ്ജലി സ്വന്തമാക്കിയത്. പാചക എണ്ണയുടെയും സോയ ഉത്പന്നങ്ങളുടെയും നിർമാതാക്കളാണ് രുചി സോയ.
കടക്കെണി പരിഹരിക്കുന്നതിലെ കാലതാമസം മൂലം രുചി സോയയുടെ ലേലത്തിൽ നിന്ന് ആദ്യ ഘട്ടത്തിൽ തന്നെ ഗൗതം അദാനിയുടെ ഗ്രൂപ്പായ അദാനി വിൽമർ ലിമിറ്റഡ് പിൻമാറിയിരുന്നു. എന്നാൽ പതാഞ്ജലി അപ്പോഴും ലേലത്തിൽ ഉറച്ചുനിന്നു. പതാഞ്ജലി ഗ്രൂപ്പ് നിയന്ത്രിക്കുന്ന രുചി സോയ ഇൻഡസ്ട്രീസ് 4300 കോടി രൂപയുടെ ഫോളോ ഓൺ ഓഫറുമായി റീലിസ്റ്റ് ചെയ്യും. ഇത്തരത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉത്പാദകരാകാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. രുചി സോയയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ പദവി വഹിക്കുന്നത് ബാബാ രാംദേവാണ്. രുചി സോയയും പതാഞ്ജലിയും ആഗോള ഭക്ഷ്യ ബ്രാൻഡുകളാക്കുക എന്നതാണ് രാംദേവിന്റെ ലക്ഷ്യം.
- Advertisement -
രാജ്യത്തെ ഭക്ഷ്യ എണ്ണ ബ്രാൻഡുകളിൽ മുന്നിൽ തന്നെയാണ് രുചി സോയയുടെ സ്ഥാനം. സൺറിച്ച്, രുചി ഗോൾഡ്, രുചി സ്റ്റാർ തുടങ്ങിയവ കമ്ബനിയുടെ മറ്റ് പ്രമുഖ ബ്രാൻഡുകളാണ്. ലോകത്തിലെ ഏറ്റവും വലുതും ആദ്യത്തെ സോയ ഉത്പന്നങ്ങളുടെ ഉത്പാദകരുമാണ് രുചി. രുചി സോയ പതാഞ്ജലി സ്വന്തമാക്കിയതിന് പിന്നാലെ രണ്ട് വർഷം കൊണ്ട് സ്റ്റോക്ക് 3.50 രൂപയിൽ നിന്ന് 1053 രൂപയായി ഉയർന്നു. 2019 ഡിസംബറിൽ പതഞ്ജലി 1000 കോടി രൂപയ്ക്ക് വാങ്ങിയ രുചി സോയ എന്ന കമ്ബനിയുടെ മൂല്യം ഇപ്പോൾ 31,000 കോടി രൂപയാണ്.
ചെറിയ മുതൽമുടക്കിൽ 31,000 കോടി മൂല്യമുള്ള കോർപ്പറേഷന്റെ 80 ശതമാനവും ബാബ രാംദേവിന് സ്വന്തമാവും. എഫ് പി ഒയിലൂടെ 4300 കോടി സമാഹരിക്കാനാണ് രുചി സോയ ലക്ഷ്യം വയ്ക്കുന്നത്. കമ്ബനിയുടെ കോടിക്കണക്കിന് കട ബാധ്യത ബാങ്കുകൾ എഴുതി തള്ളിയിരുന്നു. ഇതേ ബാങ്കുകൾ തന്നെ കടക്കെണിയിൽ ആയ രുചി സോയയെ ഏറ്റെടുക്കാൻ പതാഞ്ജലി ഗ്രൂപ്പിന് വായ്പകൾ നൽകുകയാണ്. ലിക്വിഡിറ്റി ഉറപ്പാക്കാനും വില കൃത്രിമം കുറയ്ക്കാനും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 25% പൊതു ഓഹരി ഉടമകൾ വേണമെന്നാണ് സെബി നിർദേശിക്കുന്നത്. രുചി സോയയുടെ പൊതു ഓഹരി ഒരു ശതമാനം മാത്രമാണെങ്കിലും സെബി ഇത് ചോദ്യം ചെയ്തില്ല.
- Advertisement -