തിരുവനന്തപുരം : ഓർമകളിലെ നിറങ്ങൾ പലർക്കും പലതായിരുന്നു. എങ്കിലും പതിറ്റാണ്ടുകൾക്കു ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോഴുണ്ടായ ആശ്ചര്യവും സന്തോഷവും സംഗമവേദിയെ വർണാഭമാക്കി. എസ് എ ടി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിച്ച മൂന്നു തലമുറകളിലെ ഡോക്ടർമാരുടെ സംഗമ വേദിയായിരുന്നു ഈ ഒത്തുചേരലിന്റെ പശ്ചാത്തലം. ഞായറാഴ്ച മെഡിക്കൽ കോളേജ് ഗോൾഡൻ ജൂബിലി ബ്ലോക്കിൽ നടന്ന “സ്മൃതി നിലാവ്” 2022 എന്ന പുന:സമാഗമത്തിൽ മൂന്നു തലമുറയിലെ നൂറിലധികം ഡോക്ടർമാർ പങ്കെടുത്തു.സേവന കാലയളവിൽ പരസ്പരം പറഞ്ഞും പറയാതെയും പോയ അനുഭവങ്ങൾ, ഇണക്കങ്ങൾ. പിണക്കങ്ങൾ. എല്ലാം വീണ്ടും അയവിറക്കാൻ വീണു കിട്ടിയ നിമിഷങ്ങളിൽ അവർ മത്സരിക്കുകയായിരുന്നു.
എത്രയോ കുഞ്ഞുങ്ങളുടെ പിറവിയോടെ അമ്മമാരുടെ സ്വപ്ന സാഫല്യത്തിനു സാക്ഷികളായവർ, പത്തു മാസക്കാലം അമ്മമാരുടെയും ഗർഭസ്ഥ ശിശുക്കളുടെയും ചികിത്സയും പരിചരണവും മനസു കൊണ്ടും പ്രവൃത്തി കൊണ്ടും ഏറ്റെടുത്തു നടത്തിയവർ – വീണ്ടുമൊരു കണ്ടുമുട്ടലിനപ്പുറം ഓർമകളും അനുഭവങ്ങളും പങ്കു വയ്ക്കാനായിരുന്നു ആ ഒത്തുചേരൽ അവർ വിനിയോഗിച്ചത്. ഒപ്പം പുതുതലമുറയിലെ തങ്ങളുടെ പിൻഗാമികളോടും അവർ സ്നേഹം പങ്കു വച്ചു.94വയസു പിന്നിട്ട പത്മശ്രീ ഡോ സുഭദ്രാ നായർ മുതൽ ഡോ കെ ലളിത, ഡോ രാധാ കുമാരി എന്നിവരുൾപ്പെടെയുള്ള പ്രമുഖ ഡോക്ടർമാർ പങ്കെടുത്ത പരിപാടിയിൽ പുതുതലമുറയിലെ
30 വയസു വരെയുള്ള ഡോക്ടർമാരും ഭാഗഭാക്കായി.
- Advertisement -