Ultimate magazine theme for WordPress.

രാഷ്ട്രീയ നേട്ടത്തിനായി ഗൂഢാലോചനയില്‍ കുടുക്കി; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷാജ് കിരണ്‍ ഹൈക്കോടതിയില്‍

0

കൊച്ചി:  മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനം വിട്ട ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന്  ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.

 

- Advertisement -

രാഷ്ട്രീയ നേട്ടത്തിനായി തന്നെ ഗൂഢാലോചനയില്‍ കുടുക്കിയതാണെന്നും ശബ്ദസന്ദേശത്തില്‍ കൃത്രിമം കാട്ടിയതായും ഷാജ് ആരോപിച്ചു. അതേസമയം സ്വപ്നയ്ക്ക് എതിരായ പരാതിയില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്നെ കെണിയില്‍ പെടുത്താന്‍ ഗൂഢാലോചന നടന്നെന്നും സ്വപ്നയുടെ ഫോണ്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഡിജിപിക്ക്  പരാതി നല്‍കിയിരുന്നു. തന്നെയും സുഹൃത്ത് ഇബ്രാഹിമിനെയും കുടുക്കാന്‍ സ്വപ്ന ശ്രമിച്ചു. ശബ്ദരേഖയില്‍ കൃത്രിമം നടത്തി തങ്ങള്‍ക്ക് മാനനഷ്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. തമിഴ്‌നാട്ടില്‍ എത്തിയ ശേഷമാണ് ഷാജ് കിരണ്‍ അഭിഭാഷകന്‍ മുഖേന പരാതി നല്‍കിയത്.

അതേസമയം, മുന്‍ മന്ത്രി കെടി ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞത് വെളിപ്പെടുത്തുമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കോടതിയോടാണ് താന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അതിനെതിരെ ഗൂഢാലോചന നടത്തിയത് ജലീല്‍ ഉള്‍പ്പെടെയുള്ളവരാണെന്നും സ്വപ്ന ആരോപിച്ചു.
.
‘ഷാജ് കിരണെന്നു പറഞ്ഞ ഒരു വ്യക്തിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിനിധിയായി എന്റെ അടുത്തേക്ക് വിട്ട് ഇതൊരു ഒത്തുതീര്‍പ്പ് നടപടികളിലേക്ക് എത്തിച്ചത് ആരാണ്? ശരിക്കുള്ള ഗൂഢാലോചന എവിടെയാണ് നടന്നിരിക്കുന്നത്? ഞാന്‍ കോടതിക്കു മുന്‍പാകെയാണ് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയത്. അതില്‍ ജലീലിന്റെ പേരു പരാമര്‍ശിച്ചിട്ടുണ്ട്. പക്ഷേ, ഞാന്‍ ആരെയും അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. ഇതിന്റെ പേരില്‍ ഒരു ഗൂഢാലോചനയും ഞാന്‍ നടത്തിയിട്ടുമില്ല. എന്നാല്‍ ഗൂഢാലോചന നടത്തിയെന്ന് ജലീല്‍ എനിക്ക് എതിരെ കേസുകൊടുത്തിട്ട്, അവരു പറഞ്ഞുവിട്ട പ്രതിനിധിയെ സാക്ഷിയാക്കി അവരാണ് ഗൂഢാലോചന നടത്തിയത്. ജലീലിനെ കുറിച്ച് രഹസ്യമൊഴിയില്‍ പറഞ്ഞത് ഉടനെ വെളിപ്പെടുത്തും.

എന്തൊക്കെ കുറ്റകൃത്യങ്ങളാണോ ജലീല്‍ ചെയ്തിട്ടുള്ളത് അത് പുറത്തുവിടും. രഹസ്യമൊഴി പുറത്തുവരുമ്പോള്‍ മാത്രം ജനം അതേക്കുറിച്ച് അറിഞ്ഞാല്‍ മതി എന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ ജലീല്‍ എനിക്കെതിരെ യാതൊരു കാരണവുമില്ലാതെ നടപടികള്‍ കൈക്കൊള്ളുകയാണ്. എന്റെയടുത്തേക്ക് ഒത്തുതീര്‍പ്പിനായി ആളുകളെ അയയ്ക്കുന്നു. എന്റെ മേല്‍ ഒരുപാട് കേസ് ഇങ്ങനെ ഇട്ടോണ്ടിരിക്കട്ടെ. പക്ഷേ അതൊന്നും ഞാന്‍ കാര്യമാക്കില്ല. ജലീലിനെതിരായ വിവരങ്ങളെല്ലാം പുറത്തുവിടും’ സ്വപ്ന പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.