കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണം വാഹനപരിശോധനയ്ക്കിടെ പൊലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. അഴീക്കോട് ചെമ്മാത്ത്പറമ്പില്‍ സബീല്‍ (44), മലപ്പുറം വള്ളുമ്പറം തൊണ്ടിയില്‍ നിഷാജ് (27) എന്നിവരാണ് അറസ്റ്റിലായത്.
- Advertisement -
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ സ്വര്‍ണം മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. നിഷാജാണ് സ്വര്‍ണം കൊണ്ടുപോയത്. ദുബായില്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്നത് അഴീക്കോട് സ്വദേശി സബീല്‍ ആണെന്നും പൊലീസ് വ്യക്തമാക്കി.
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത നിഷാജിന് വഴിതെറ്റി പൊലീസിന്റെ മുന്നില്‍ച്ചെന്നു ചാടുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അഴീക്കോട് ജെട്ടിയില്‍ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് പിടിയിലായത്. മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറിലാണ് നിഷാജ് വന്നത്.
വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സബീലിനെ അണ്ടത്തോട് ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ കാറില്‍ കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു സബീല്‍.
പശ ചേര്‍ത്ത് സ്വര്‍ണത്തരികള്‍ പിടിപ്പിച്ച ട്രൗസറും ടീ ഷര്‍ട്ടുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ ഗിയര്‍ ബോക്‌സിലും സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. സബീല്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണമാണ് കാറിന്റെ ഗിയര്‍ ബോക്‌സിലുണ്ടായിരുന്നത്. വാഹനത്തില്‍ നിന്നു കിട്ടിയ ട്രൗസറിന്റെയും ടീ ഷര്‍ട്ടിന്റെയും അസാധാരണഭാരത്തില്‍ സംശയം തോന്നിയാണ് പൊലീസ് പരിശോധന നടത്തിയത്.
- Advertisement -