അമ്പലപ്പുഴ/മാങ്കാംകുഴി: ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ രണ്ടപകടങ്ങളിൽ മൂന്നുപേർ മരിച്ചു. പുറക്കാട്ടും മാങ്കാംകുഴി പാറക്കുളങ്ങരയിലുമാണ് അപകടമുണ്ടായത്.
ദേശീയപാതയിൽ പുറക്കാട് പുന്തലയ്ക്കുസമീപം നിയന്ത്രണംവിട്ട കാർ, റോഡരികിൽനിന്നവർക്കിടയിലേക്കു പാഞ്ഞുകയറി ഒരുകുടുംബത്തിലെ രണ്ടുപേർ മരിച്ചു. ചാരുംമൂട് പുതുപ്പള്ളിക്കുന്നം പാലവിളക്കിഴക്കേതിൽ സുനിലിന്റെ മകൾ നസ്രിയ (ഏഴ്), സുനിലിന്റെ സഹോദരി പുതുപ്പള്ളിക്കുന്നം നജീബ് മൻസിലിൽ മിനിത (40) എന്നിവരാണു മരിച്ചത്. സുനിലിന്റെ പിതാവ് അബ്ദുൾ അസീസ് (68), മാതാവ് നബീസ (64), മറ്റൊരു സഹോദരി സുനിത (40), സുനിതയുടെ ഭർത്താവ് നൂറനാട് മാമ്മൂട് അൻഷാദ് മൻസിലിൽ ജലാൽ (45) എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Advertisement -
വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. ജലാലിന്റെ കാറിൽ എറണാകുളത്തുപോയി വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇവർ പുന്തലയിലെത്തിയപ്പോൾ കടലുകാണാൻ പുറത്തിറങ്ങി. നിരത്തുമുറിച്ചുകടക്കാൻ കാത്തുനിൽക്കുമ്പോൾ ആലപ്പുഴ ഭാഗത്തേക്കുപോയ മറ്റൊരുകാർ ഇവർക്കിടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നസ്രിയയെയും മിനിതയെയും രക്ഷിക്കാനായില്ല.
അപകടത്തിനിടയാക്കിയ കാർ റോഡരികിലെ വൈദ്യുതിത്തൂൺ ഇടിച്ചുമറിച്ചാണു നിന്നത്. ഡ്രൈവർ പാലക്കാട് കഞ്ചിക്കോട് അബ്ദുൾ റഷീദി(50)നെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. താഹയാണു മരിച്ച മിനിതയുടെ ഭർത്താവ്. മക്കൾ: നജീബ്, ഫർഹാന. ജാസ്മിയാണു നസ്രിയയുടെ മാതാവ്. സഹോദരി: നസ്രിൻ. കൊല്ലം-തേനി ദേശീയപാതയിൽ മാങ്കാംകുഴി പാറക്കുളങ്ങരയിൽ ബൈക്കപകടത്തിലാണു യുവാവു മരിച്ചത്.
ചെങ്ങന്നൂർ മുണ്ടൻകാവ് ഭസ്മക്കാട്ടിൽ ഗോകുലം വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൻ അമൽകൃഷ്ണനാ (ശങ്കരൻ-35) ണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചേ 1.15-നാണ് അപകടം. വെളുപ്പിനു നാലുമണിയോടെ കട തുറക്കാനെത്തിയ സമീപവാസിയാണു വിവരം പോലീസിലറിയിച്ചത്.
കൊല്ലകടവ് സ്വകാര്യആശുപത്രിയിലെ ഇലക്‌ട്രിക്കൽ സൂപ്പർവൈസറായിരുന്നു അമൽകൃഷ്ണൻ. മാങ്കാംകുഴിഭാഗത്തുനിന്നു ചാരുംമൂട് ഭാഗത്തേക്കു പോകുകയായിരുന്നു. ലീലാമണിയാണ് അമ്മ. ഭാര്യ: മഞ്ജു. മക്കൾ: ആദികേഷ്, മഹാലക്ഷ്മി.
- Advertisement -