Ultimate magazine theme for WordPress.

ബെൽജിയം സംഘം ഐസിയു സംവിധാനത്തെ പ്രകീർത്തിച്ചു

0
സർക്കാർ ഏജൻസിയായ ഒഡിഇപിസി വഴി ബെൽജിയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി എത്തിയ ബെൽജിയം സംഘം എറണാകുളം മെഡിക്കൽ കോളേജിലെ ഐസിയു സംവിധാനത്തേയും ഡയാലിസിസ് സംവിധാനത്തേയും പ്രകീർത്തിച്ചു. രോഗീപരിചരണവും പ്രൊഫഷണലിസവും അഭിനന്ദനാർഹമാണെന്ന് സംഘം പറഞ്ഞു. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശന വേളയിലാണ് ബെൽജിയം സംഘം ആശുപത്രി സംവിധാനങ്ങൾ വിലയിരുത്തിയത്. ആശുപത്രിയുടെ പശ്ചാത്തല സംവിധാനം നഴ്സുമാരുടെ പരിശീലനം എന്നിവ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹനുമായി സംഘം ചർച്ച ചെയ്തു. ഈ റിക്രൂട്ട്മെന്റിന്റെ ഭാഗമായി നഴ്സുമാർക്ക് 6 മാസത്തേക്ക് ഡച്ച് ഭാഷയിൽ പരിശീലനം നൽകും. ഇതിന്റെ ഭാഗമായിട്ടായിരുന്നു കോയൻ ബാൽസിയന്റെ (Koen Balcaen, Director UZLeuven hospital) നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദർശനം.
നഴ്സുമാരുടെ പരിശീലനങ്ങൾക്കുൾപ്പെടെ ബെൽജിയം സംഘത്തിന് ആരോഗ്യ വകുപ്പ് എല്ലാ പിന്തുണയും നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ മേഖലയിലെ സംവിധാനവും പരിശീലനവും സംഘം പ്രകീർത്തിച്ചത് അഭിനന്ദനാർഹമാണ്. ആരോഗ്യ മേഖലയിലെ അഭിമാനമാണ് നഴ്സുമാർ. കേരളത്തിലെ നഴ്സുമാരുടെ സേവന സന്നദ്ധതയും പ്രഫൊഷണലിസവും സമീപനവുമാണ് ലോകത്തിന് സ്വീകാര്യമാക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ തൊഴിലവസരം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.