കൊച്ചി: രണ്ടു പേര്‍ തമ്മില്‍ അടുപ്പമോ സൗഹൃദമോ ഉണ്ടെന്നു തെളിയിക്കാന്‍ അവര്‍ ഒരുമിച്ചുള്ള ഫെയ്‌സ്ബുക്ക് ചിത്രങ്ങള്‍ മതിയാവില്ലെന്ന് ഹൈക്കോടതി. കോളജിലെ അധ്യാപക നിയമനത്തില്‍ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
- Advertisement -
അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിലെ അസി. പ്രൊഫസര്‍ നിയമനത്തിന് എതിരെയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. നിയമിക്കപ്പെട്ടയാള്‍ക്ക് തെരഞ്ഞെടുപ്പു സമിതിയില്‍ അംഗമായിരുന്ന വകുപ്പ് മേധാവിയുമായി അടുപ്പമുണ്ടെന്നാണ്, ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഇരുവരും ഒരുമിച്ചുള്ള ഫെയ്‌സ്ബുക്ക് ചിത്രങ്ങള്‍ ഇതിനു തെളിവായി ഹാജരാക്കി. സ്വജനപക്ഷപാതം ആരോപിച്ച്, നിയമനത്തില്‍ പിന്തള്ളപ്പെട്ടയാളാണ് ഹര്‍ജിയുമായി കോടതിയില്‍ എത്തിയത്. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് നിയമനം റദ്ദാക്കാന്‍ ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ നിയമനം നേടിയ ആളാണ് അപ്പീല്‍ നല്‍കിയത്. ഇതു പരിഗണിച്ച കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി. രണ്ടു പേര്‍ തമ്മില്‍ വ്യക്തിപരമായ അടുപ്പമോ സൗഹൃദമോ ഉണ്ടെന്നു തെളിയിക്കാന്‍ ഫെയ്‌സ്ബുക്ക് ചിത്രങ്ങള്‍ മതിയാവില്ലെന്ന് കോടതി വിലയിരുത്തി.
- Advertisement -