Ultimate magazine theme for WordPress.

ചെലവന്നൂര്‍ കായൽ കയ്യേറ്റം; ജയസൂര്യ നേരിട്ട് ഹാജരാകണം, സമന്‍സ് അയച്ച് കോടതി

0

കൊച്ചി; ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയ കേസിൽ നടൻ ജയസൂര്യയ്ക്ക് സമൻസ് അയച്ച് കോടതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. ഡിസംബര്‍ 29- ന്  നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം.  കായല്‍ തീരം കയ്യേറിയെന്ന പരാതി ശരിവെച്ചുകോണ്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കായല്‍ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ചാണെന്ന് കണ്ടെത്തിക്കൊണ്ടായിരുന്നു കുറ്റപത്രം. കയ്യേറുന്നതിന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോര്‍പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്പക്ടറായിരുന്ന ആര്‍ രാമചന്ദ്രന്‍ നായര്‍, അസിസ്റ്റന്‍റ് എഞ്ചിനീയറായിരുന്ന ഗിരിജാ ദേവി, നടന്‍ ജയസൂര്യ,  ബോട്ടുജെട്ടിയും ചുറ്റുമതിലും  രൂപകല്‍പന ചെയ്ത എന്‍എം ജോസഫ് എന്നിവരെ പ്രതിചേര്‍ത്തു. ജയസൂര്യക്കൊപ്പം ഇവര്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

- Advertisement -

കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്‍റെ പരാതിയില്‍ 2016 ഫെബ്രുവരിയിലാണ് ജയസൂര്യക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിടുന്നത്. ആറുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 13നാണ്  കുറ്റപത്രം സമർപ്പിച്ചത്. കോര്‍പറേഷന്‍ മുന്‍ സെക്രട്ടറിയെയും സര്‍വെയറടക്കമുള്ള റവന്യു ഉദ്യോഗസ്ഥരെയും കേസില്‍  പ്രതിചേര്‍ക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ക്ക് പങ്കില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.

- Advertisement -

Leave A Reply

Your email address will not be published.