പാരീസ്: ഫിഫയുടെ 2022ലെ ഏറ്റവും മികച്ച കളിക്കാരനുള്ള ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരം നേടി ലയണൽ മെസി. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയെയും കരിം ബെൻസേമയെയും പിന്നിലാക്കിയാണ് മെസിയുടെ നേട്ടം. ഇത് രണ്ടാം തവണയാണ് മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം മെസി നേടുന്നത്.
മെസിക്ക് 52 വോട്ട് ലഭിച്ചപ്പോൾ രണ്ടാമതെത്തിയ എംബാപ്പെ 44ഉം മൂന്നാമതെത്തിയ കരിം ബെൻസേമ 34ഉം വോട്ടുകളാണ് നേടിയത്. പാരീസിൽ രാത്രി 1.30-നായിരുന്നു പുരസ്‌കാരദാന ചടങ്ങ്. അർജന്റീനയെ കിരീട വിജയത്തിലേക്ക് നയിച്ച ലയണൽ സ്കലോണിയാണ് മികച്ച പുരുഷ ടീം പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം അർജന്റീനയുടെ തന്നെ എമിലിയാനോ മാർട്ടിനസിനാണ്. മികച്ച ആരാധകർക്കുള്ള പുരസ്‌കാരം, ഫിഫ ഫാൻ അവാർഡ്, അർജന്റീനിയൻ ആരാധകർ സ്വന്തമാക്കി.
സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസാണ് മികച്ച വനിതാ താരമായത്. ബേത്ത് മീഡ്, അലക്സ് മോർഗൻ എന്നിവരെ പിന്നിലാക്കി തുടർച്ചയായ രണ്ടാം തവണയാണ് അലക്സിയ പുരസ്കാരം നേടുന്നത്. ഇംഗ്ലണ്ട് പരിശീലക സറീന വെയ്ഗ്‌മാൻ മികച്ച വനിതാ ടീം കോച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിന്റെ മേരി എർപ്സ് ആണ് മികച്ച വനിതാ ഗോൾകീപ്പർ.