Ultimate magazine theme for WordPress.

പരിക്കേറ്റ തീര്‍ഥാടകര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കി: മന്ത്രി കെ. രാധാകൃഷ്ണന്‍

0

ഇലവുങ്കല്‍ നാറാണംതോടിന് സമീപം ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ദേവസ്വംവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ ആളപായമില്ല. ന്യൂട്രലില്‍ ഇറക്കം ഇറങ്ങി വന്ന വാഹനത്തിന് ബ്രേക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതുസംബന്ധിച്ച് കൃത്യമായ പരിശോധന നടത്തും. ചികിത്സയില്‍ കഴിയുന്നവരുടെ വീടുകളില്‍ വിവരം അറിയിച്ചു. വസ്ത്രം, ഭക്ഷണം എന്നിവ എത്തിച്ചു. പോലീസ്, ഫയര്‍ഫോഴ്സ്, സന്നദ്ധസേവകര്‍ എന്നിവര്‍ മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.
അപകടത്തില്‍ പെട്ടവര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ 42 പേര്‍ ചികിത്സയിലുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 17 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. രംഗനാഥന്റെ (85) വാരിയെല്ലിന് ഒടിവും മള്‍ട്ടിപ്പിള്‍ ഫ്രാക്ചറും ഉണ്ട്. കുമാര്‍ എന്ന വ്യക്തിയുടെ ശ്വാസനാളത്തിനും പരിക്കുണ്ട്. ഇരുവരും 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിത കുമാരി, എന്‍.എച്ച്.എം. ഡി.പി.എം ഡോ. എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.