Ultimate magazine theme for WordPress.

കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്ര: സംസ്ഥാനത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി; കേന്ദ്രത്തോട് ഇളവു തേടും

0

തിരുവനന്തപുരം: കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയില്‍ സംസ്ഥാനത്തിന് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ആശങ്ക കേന്ദ്രത്തെ അറിയിക്കും. ഗതാഗത നിയമത്തില്‍ ഇളവു വരുത്താന്‍ ആവശ്യപ്പെടും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം 10 ന് ഉന്നതതലയോഗം വിളിച്ചതായും മന്ത്രി പറഞ്ഞു.

എഐ ക്യാമറയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അസൗകര്യമുണ്ട്. ഇരുചക്ര വാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെയും കയറ്റിയാല്‍ പിഴ ഈടാക്കുന്നതില്‍ ഇളവു വേണമെന്ന ആവശ്യം കേരളം കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കും. നിയമഭേദഗതി ആവശ്യപ്പെടാനുള്ള സാഹചര്യവും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

- Advertisement -

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്തിനെതിരായ വിജിലന്‍സ് അന്വേഷണം ഗതാഗതമന്ത്രി സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥനെതിരെ ആറ് പരാതികളാണ് കിട്ടിയത്. എഐ ക്യാമറ ഇടപാടില്‍ രാജീവ് പുത്തലത്തിന് പങ്കുണ്ടെന്നാണ് ഒരു പരാതി.

പരാതിയില്‍ ഗതാഗതവകുപ്പാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. പരാതി വന്നതുകൊണ്ട് പദ്ധതി നിര്‍ത്തിവെക്കാനാകില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കരുതെന്ന ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.