ന്യൂഡല്‍ഹി: സമരം നടത്തുന്ന കര്‍ഷകരുമായി നാളെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. വൈകീട്ട് അഞ്ച് മണിക്ക് ചണ്ഡിഗഡില്‍ വച്ചാണ് ചര്‍ച്ച. കേന്ദ്രസര്‍ക്കാരുമായി ഇന്ന് ചര്‍ച്ച നടത്താന്‍ തയാറാണെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ യോഗത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ചര്‍ച്ച നാളത്തേക്ക് മാറ്റുകയായിരുന്നു.
കര്‍ഷകരും സര്‍ക്കാരുമായി മൂന്നാമത്തെ ചര്‍ച്ചയാണ് വ്യാഴാഴ്ച നടക്കുന്നത്.കര്‍ഷകരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് നേരത്തേയും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആദ്യ രണ്ടു ചര്‍ച്ചകളില്‍ പരിഹാരം നിര്‍ദേശിക്കാന്‍ കേന്ദ്രത്തിനു കഴിഞ്ഞില്ലെന്നു കാണിച്ച് കര്‍ഷകര്‍ ക്ഷണം നിരസിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മിറ്റി രൂപീകരിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ മൂന്നു വര്‍ഷം മുന്‍പ് ഇതേകാര്യം പറഞ്ഞതാണെന്നും അതില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കര്‍ഷക സമരത്തിന്റെ രണ്ടാം ദിനവും പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷമാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്തുനിന്നും കണ്ണീര്‍വാതക ഷെല്ലുകള്‍ വര്‍ഷിക്കുന്നുണ്ട്. ജലപീരങ്കിയും പ്രയോഗിക്കുന്നതായി കര്‍ഷകര്‍ ആരോപിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ 60 പേര്‍ക്കു പരുക്കേറ്റതായി കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. 24 ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റതായി പൊലീസും അറിയിച്ചു.