Ultimate magazine theme for WordPress.

മയക്കം വിട്ടുണര്‍ന്ന് അരിക്കൊമ്പന്‍; തമിഴ്‌നാട് അതിര്‍ത്തിയില്‍ സഞ്ചാരം; പൂര്‍ണ ആരോഗ്യവാന്‍

0

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തി വനമേഖലയില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആന വണ്ണാത്തിപ്പാറ മേഖലയിലാണെന്ന് വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ അകലെയാണെന്നാണ് വിവരം.

തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും കേരളത്തിലേക്ക് അരിക്കൊമ്പന്‍ തിരികെ നടക്കുന്നതായാണ് സൂചന. പെരിയാര്‍ വന്യജീവി സങ്കേതത്തിന് അകത്തുതന്നെയാണ് അരിക്കൊമ്പനുള്ളതെന്ന് ഒടുവില്‍ ലഭിച്ച സിഗ്നലുകള്‍ സൂചിപ്പിക്കുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും, മയക്കം വിട്ടുണര്‍ന്ന ആന ഇപ്പോള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

- Advertisement -

അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്താണ് തുറന്നു വിട്ടത്. തുടര്‍ന്ന് ആന എതിര്‍ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. ഇപ്പോള്‍ അരിക്കൊമ്പന്‍ മാവടി മേഖലയില്‍ ഉള്ളതായാണ് സിഗ്നല്‍ ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എതിര്‍ദിശയില്‍ കൂടുതല്‍ ദൂരം പോകുകയും പിന്നീട് തിരിച്ചിറങ്ങിവരുന്നതുമാണ് അരിക്കൊമ്പന്റെ ഇപ്പോഴത്തെ ശീലമെന്നും ട്രാക്കിങ്ങില്‍ വ്യക്തമാകുന്നതെന്നും വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.

അതിര്‍ത്തി മേഖലയിലുള്ള അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട് അതിര്‍ത്തി കടന്നാല്‍ ജനവാസ മേഖലയാണ്. റേഡിയോ കോളര്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അരിക്കൊമ്പനെ ട്രാക്കിങ്ങ് നടത്തുന്നുണ്ട്. ആനയുടെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അതിര്‍ത്തി കടന്ന് തമിഴ്‌നാട് ജനവാസമേഖലയിലെത്തിയാല്‍ തമിഴ്‌നാട് വനംവകുപ്പ് ആനയെ കേരളത്തിലേക്ക് തുരത്താന്‍ സാധ്യതയുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.