നേത്രദാനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും നേത്രദാനം പ്രോത്സാഹിപ്പിക്കാനുമായി ജൂൺ 10 ലോക നേത്രദാന ദിനമായി ആചരിക്കുന്നു.
മനുഷ്യ ശരീരത്തിലെ ഏറ്റവും വിലപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കണ്ണ്.
ഭൂമിയിലെ കാഴ്ചകൾ കാണാനും ആസ്വദിക്കാനും നമുക്ക് കഴിയുന്നത് കാഴ്ചശക്തി ഉള്ളതുകൊണ്ടാണ്.
എന്നാൽ കാഴ്ച എന്ന അനുഭവം സാധ്യമാകാത്ത നിരവധി പേരും നമുക്ക് ചുറ്റുമുണ്ട്.
അവരെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. വർണ്ണശബളമായ ചുറ്റുപാടുകളെ കണ്ടറിയാനുള്ള ഭാഗ്യം ഇവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ശബ്ദത്തിലൂടെയും സ്പർശത്തിലൂടെയും ഗന്ധങ്ങളിലൂടെയും പ്രപഞ്ചത്തെ അറിയാൻ വിധിക്കപ്പെട്ടവരാണ് ഇവർ.
- Advertisement -
മനുഷ്യന്റെ മുഖത്തെ സൂര്യചന്ദ്രന്മാരാണ് കണ്ണുകൾ. അതണഞ്ഞുപോകുന്നതോടെ മുഖത്തുനിന്നും എല്ലാ പ്രകാശവും തേജസ്സും വാർന്നുപോകുന്നു. കണ്ണാണ് ശോഭ. കാഴ്ചയാണ് സിദ്ധി. അതാണ് നഷ്ടപ്പെടുന്നത്. ആ സങ്കടം പറഞ്ഞറിയിക്കാനാവില്ല.
കേന്ദ്ര ആരോഗ്യമന്ത്രാലയം 2019 ൽ നടത്തിയ സർവ്വേ പ്രകാരം ഇന്ത്യയിൽ 2.74 കോടി ജനങ്ങൾ കാഴ്ചശക്തി നഷ്ടപ്പെട്ടവരാണ്. അതിൽ കോർണിയ തകരാറുമൂലം കാഴ്ച നഷ്ടപ്പെട്ടവർ ഏകദേശം 50 ലക്ഷം വരും. കോർണിയ (നേത്രപടലം) എന്നുപറഞ്ഞാൽ കണ്ണിന്റെ പുറമെയുള്ള സുതാര്യമായ ഭാഗമാണ്. നേത്രപടലത്തിലൂടെയാണ് പ്രകാശരശ്മികൾ കണ്ണിനകത്തേക്ക് പ്രവേശിക്കുന്നത്. നേത്രപടലത്തിന്റെ സുതാര്യത പൂർണ്ണമായി നഷ്ടപ്പെടുമ്പോൾ ആ വ്യക്തി അന്ധനായിത്തീരുന്നു.
കണ്ണിലെ പഴുപ്പ്, മുറിവോ ചതവോ കൊണ്ട് കൃഷ്ണമണിയിൽ ഉണ്ടാകുന്ന പാടുകൾ, ജന്മനാലുള്ള അന്ധത (Congenital Blindnes) തുടങ്ങി നിരവധി കാരണങ്ങൾകൊണ്ട് നേത്രപടലത്തിന്റെ സുതാര്യത നഷ്ടപ്പെടാം.
കോർണിയ തകരാറുമൂലമുള്ള അന്ധതയ്ക്ക് പരിഹാരം കോർണിയ മാറ്റിവെയ്ക്കൽ മാത്രമാണ്. വ്യക്തികൾ മരണാനന്തരം നേത്രദാനം ചെയ്യാൻ തയ്യാറായാൽ മാത്രമേ ഈ അന്ധത പരിഹരിക്കുവാൻ സാധ്യമാവുകയുള്ളൂ. ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്ത് പ്രതിവർഷം നേത്രദാനത്തിലൂടെ ലഭ്യമാകുന്ന കോർണിയ വെറും അമ്പതിനായിരം മാത്രമാണെന്നാണ്. കോർണിയ മാറ്റിവെക്കൽ ശസ്ത്രക്രിയ ഏകദേശം 90 ശതമാനവും പൂർണവിജയമാണെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നത്.
മരണാനന്തരം നേത്രദാനം നടത്താൻ ഓരോ വ്യക്തിയും സജ്ജരാകണം. എന്നാൽ നേത്രദാനത്തെക്കുറിച്ചുള്ള ശരിയായ അറിവില്ലായ്മയും സമൂഹത്തിൽ നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളും ഇതിന് തടസ്സം സൃഷ്ടിക്കുന്നു.
കേവലം ഒരു ശതമാനം ജനങ്ങൾ നേത്രദാനത്തിന് തയ്യാറായാൽ കോർണിയ തകരാറുമൂലമുള്ള അന്ധത രാജ്യത്തു നിന്നും തുടച്ചുമാറ്റാൻ നമുക്ക് സാധിക്കും. അതിന് വഴിയൊരുക്കട്ടെ ഈ വർഷത്തെ നേത്ര ദാന ദിനം.
നേത്രദാനമെന്നാൽ കണ്ണുകൾ പൂർണ്ണമായി ചൂഴ്ന്നെടുത്ത് മാറ്റുകയാണ് എന്ന ധാരണ വേണ്ട. നേത്രപടലം (കോർണിയ) മാത്രമാണ് മരിച്ച വ്യക്തിയുടെ കണ്ണിൽ നിന്നും എടുക്കുക. നിലത്തു വീണാൽ കാണാൻ പോലും സാധിക്കാത്ത വിധത്തിൽ നേർത്തതാണ് നേത്രപടലം .
പ്രായം, രക്തഗ്രൂപ്പ് ഇവയൊന്നും നേത്രദാനത്തിന് തടസ്സമല്ല.
- Advertisement -