Ultimate magazine theme for WordPress.

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റിൽ തിരുത്തലുകൾ നാളെ വരെ

0

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഏകജാലക പോർട്ടലായ www.admission.dge.kerala.gov.in ൽ ലോഗിൻ ചെയ്ത് നാളെ വൈകിട്ട് അഞ്ചുമണി വരെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. അപേക്ഷയിൽ ആവശ്യമായ തിരുത്തലുകളും വരുത്താം.

പ്ലസ് വണ്ണിന് 4,59,119 പേർ അപേക്ഷിച്ചതിൽ 2,38,879 മെറിറ്റ് സീറ്റുകളിലേക്കാണ് അലോട്ട്മെന്റ്  നൽകിയിരിക്കുന്നത്. ആകെ 3,02353 മെറിറ്റ് സീറ്റുകൾ ഉണ്ടെങ്കിലും ഇതിൽ 63,474 സംവരണ സീറ്റുകൾ ഒഴിച്ചിട്ടാണ് ട്രയൽ അലോട്ട്മെന്റ് .

- Advertisement -

പട്ടിക വിഭാഗങ്ങൾ, ഒബിസി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്ന ഈ സീറ്റുകൾ ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്മെന്റിലാകും അനുവദിക്കുക. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 19 ന് പ്രസിദ്ധീകരിക്കും.

ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനുമാണ്. ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.  അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെയും ഹെൽപ്പ്‌ ഡെസ്കുകളിലൂടെ ലഭിക്കും.

- Advertisement -

Leave A Reply

Your email address will not be published.