അഞ്ച് വയസുകാരിയുടെ കൊലപാതകം; അസഫാകിന്റെ തിരിച്ചറിയൽ പരേഡിനു അപേക്ഷ നൽകും; ഏഴ് ദിവസത്തെ കസ്റ്റഡിയും ആവശ്യപ്പെടും
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാക് ആലത്തെ തിരിച്ചറിയൽ പരേഡിനു വിധേയനാക്കാൻ പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നു പോക്സോ കോടതിയിലും പൊലീസ് പ്രത്യേക അപേക്ഷ സമർപ്പിക്കും.
കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കും. അസഫാകിനെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കൃത്യത്തിലെ പ്രതിയുടെ പങ്കാളിത്തം സംബന്ധിച്ചാണ് തെളിവുകൾ തേടുന്നത്. കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടെന്നു പറഞ്ഞ ആളുകളെ സാക്ഷി ചേർക്കും.
ഇത്തരം കുറ്റ കൃത്യങ്ങളിൽ പ്രതി നേരത്തെ ഉൾപ്പെട്ടിട്ടുണ്ടോ, ആലുവയിൽ പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്തെത്തിക്കും.
കുട്ടിയുടെ വസ്ത്രം കഴുത്തിൽ മുറുക്കിയാണ് പ്രതി അസഫാക് ആലം ക്രൂരമായി കൊന്നതെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ബലാത്സംഗത്തിനിടെയാണ് കൊലപാതകം പ്രതി നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയായെന്നും റിപ്പോർട്ടിലുണ്ട്.
കുട്ടി മുറ്റത്ത് കളിക്കുകയായിരുന്നു. കുട്ടിയെ വിളിച്ചു കൊണ്ടു പോയി ജ്യൂസും മിഠായിയും വാങ്ങി നൽകി. പിന്നീട് ലൈംഗികമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. നിലവിളിച്ചപ്പോൾ വായ മൂടിപ്പിടിച്ചതോടെ കുട്ടി അബോധാവസ്ഥയിലായി. കൊലപാതകം നടത്തുമ്പോൾ പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.