കല്‍പ്പറ്റ: നിയോജകമണ്ഡലത്തില്‍ അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ നടപ്പിലാക്കി വരുന്ന സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിയുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന, ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി എംഎല്‍എ നടപ്പിലാക്കി വരുന്ന നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് സ്പാര്‍ക്ക്. മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് മികച്ച പൗരന്‍മാരെ വാര്‍ത്തതെടുക്കുന്നതെന്നും, ലോകത്തില്‍ എവിടെ പോയാലും അവിടെ മലയാളികള്‍ ഉണ്ടാകും. അതിനു കാരണം നമ്മുടെ മികച്ച വിദ്യഭ്യാസ നിലവാരമാണ്. ഇത്തരം പദ്ധതികള്‍ സമൂഹത്തിന് ആവശ്യമാണെന്നും, കക്ഷി രാഷ്ട്രീയ ഭേദമന്യേ കല്‍പറ്റയിലെ സമൂഹവും വിദ്യാര്‍ത്ഥികളും സ്പാര്‍ക്ക് പദ്ധതി ഏറ്റെടുത്തിരിക്കുകയാണ്. മണിപ്പൂരില്‍ പ്രസവിച്ച സ്ത്രീകള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് കുഞ്ഞുങ്ങളെ അവിടെ തന്നെ നിര്‍ത്തിയാണ് പുറത്തേക്ക് വരുന്നത് കാരണം ബലാത്സംഗത്തിലോ മറ്റു അക്രമങ്ങളിലോ താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ കുഞ്ഞുങ്ങള്‍ രക്ഷപ്പെടണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ വിദ്യാസമ്പന്നര്‍ കൂടിയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഉയര്‍ച്ചയും സാംസ്‌കാരിക മാനവിക മൂല്യങ്ങളും കരുണയും ദയയുമുള്ള കുട്ടികളെ വാര്‍ത്തെടുക്കാന്‍ കൂടിയാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
മിടുക്കരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു കൊണ്ട് വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കും മത്സരപരീക്ഷകള്‍ക്കും തയ്യാറെടുക്കുവാന്‍ ആവശ്യമായ സൗജന്യ പരിശീലനങ്ങള്‍ നല്‍കുകയും, വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സ്പോണ്‍സര്‍ഷിപ്പും, സ്‌കോളര്‍ഷിപ്പും നല്‍കിക്കൊണ്ട് നിയോജകമണ്ഡലത്തിന്റെ പാഠ്യപഠ്യേതര വിഷയങ്ങളിലുള്ള സമഗ്രമായ പുരോഗതിയാണ് സ്പാര്‍ക്കിന്റെ ലക്ഷ്യമെന്നും ഓരോ വര്‍ഷവും വിവിധ സ്‌കോളര്‍ഷിപ്പു പരീക്ഷകളും മത്സരപരീക്ഷകളും വിജയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം നിയോജക മണ്ഡലത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നത് സ്പാര്‍ക്ക് പദ്ധതിയുടെ വിജയമാണെന്നും, കഴിഞ്ഞ കാലങ്ങളില്‍ എന്‍ എം എം എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഏറ്റവും പുറകിലായിരുന്ന കല്‍പ്പറ്റ നിയോജക മണ്ഡലം ഇന്ന് ഒന്നാം സ്ഥാനത്താണ് ഇത് പൂര്‍ണ്ണ വിജയമാക്കുവാന്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും, സമൂഹത്തിലെ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു. എന്‍.എം.എം.എസ് പരിശീലനത്തിന് വേണ്ടി നിയോജകമണ്ഡലത്തില്‍ നിന്നും തെരെഞ്ഞടുത്ത വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 200 ലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമുള്ള പ്രത്യേക ഓറിയന്റേഷന്‍ ക്ലാസും നടന്നു. എസ് കെ എം ജെ സ്‌കൂള്‍ ജൂബിലി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ അജിത, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, ശരത് ചന്ദ്രന്‍ കെ, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജിറ്റോ ലൂയിസ്, സ്പാര്‍ക്ക് ടീം അംഗങ്ങളായ പി. കബീര്‍, സുനില്‍കുമാര്‍ എം, ഷാജി തദ്ദേവൂസ്, ബിനീഷ് കെ ആര്‍, എബ്രഹാം ഇ വി, ഹനീഫ, നൗഫല്‍ പി സി, സാലി റാട്ടകൊല്ലി തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -