രാജകീയ പദവികളും അധികാരങ്ങളും വേണ്ട; സാധാരണക്കാരനെ വിവാഹം ചെയ്യാനൊരുങ്ങി ജപ്പാൻ രാജകുമാരി
ടോക്യോ: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ജപ്പാനിലെ രാജകുമാരിയ്ക്ക് പ്രണയ സാഫല്യം. ജപ്പാനിലെ രാജകുടുംബത്തിലെ കിരീടാവകാശി അകിഷിനോയുടെ മകളായ മാകോയും കാമുകൻ കേയി കൊമുറോയും വിവാഹിതരാകാൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
- Advertisement -
വിവാഹത്തിനു ശേഷം ഇരുവരും അമേരിക്കയിലേക്ക് താമസം മാറുമെന്നാണ് വിവരം. നിയമമേഖലയിൽ ജോലി ചെയ്യുന്ന കെയി കോമുറോ എന്ന സാധാരണക്കാരനെയാണ് മോകോ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. ടോക്യോയിലെ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കോളേജിൽ നിയമപഠനത്തിനിടെയാണ് 2012 ൽ മാകോ കെയി കോമുറോയെ കണ്ടുമുട്ടുന്നത്. 10 വർഷത്തോളം നീണ്ട പരിചയത്തിനും പ്രണയത്തിനുമൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്.
ജപ്പാനിലെ നിയമപ്രകാരം രാജകുടുംബത്തിലെ വനിതകൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ അവരുടെ രാജകീയ പദവികളും അധികാരങ്ങളും നഷ്ടമാകും. ഈ നിയമപ്രകാരം മാകോയ്ക്ക് രാജകുമാരിയുടെ പദവിയും സൗകര്യങ്ങളും നഷ്ടമാവും. അതുകൊണ്ടുതന്നെ മാകോ – കമുറോ ബന്ധം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഏറെക്കാലമായി പല കാരണങ്ങൾ കൊണ്ടു നീട്ടി വയ്‌ക്കേണ്ടി വന്ന വിവാഹമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് തന്നെ ഇരുവരും വിവാഹിതരാവുമെന്ന വാർത്ത പുറത്തുവന്നിരുന്നെങ്കിലും രാജകുടുംബത്തിലെ എതിർപ്പുകൾ വിവാഹം വൈകിപ്പിച്ചു. അതിനിടെ കൊമുറോ ഉന്നതനിയമപഠനത്തിനായി അമേരിക്കയിലേക്ക് പോയി. 2018 നവംബറിൽ ഇരുവരും വിവാഹിതരാവുമെന്ന് തീരുമാനിച്ചെങ്കിലും അതും മാറ്റി വച്ചു. വിവാഹത്തിനായി രാജകുടുംബം ചില നിബന്ധനകൾ മുന്നോട്ട് വച്ചെങ്കിലും നിബന്ധനകൾ അംഗീകരിക്കില്ലെന്നും രാജകുടുംബത്തിന്റെ പരമ്പരാഗത ആചാരങ്ങളില്ലാതെ, രാജകുടുംബത്തിൽ നിന്ന് വിവാഹിതാരാവുന്ന സ്ത്രീകൾക്ക് നല്കുന്ന കോടിക്കണക്കിന് രൂപയുടെ സമ്പാദ്യവും മാകോ നിരസിച്ചു. തനിക്ക് ലഭിക്കുമായിരുന്ന 1.2 മില്ല്യൺ ഡോളറാണ് രാജകുമാരി വേണ്ടെന്ന് വച്ചത്. ഇതുവരെ ഇരുവരുടേയും വിവാഹത്തെപ്പറ്റിയുള്ള ഒരു തരത്തിലുള്ള ഓദ്യോഗിക സ്ഥിരീകരണവും കൊട്ടാരത്തിൽ നിന്നും ലഭിച്ചിട്ടില്ല.
- Advertisement -