വിമർശിക്കും മുൻപ് വസ്തുതകൾ അറിയണം; വിവാദങ്ങൾ ജീവിതത്തെ ബാധിക്കരുതെന്ന് ദൃഢനിശ്ചയമുണ്ട്: ചിന്താ ജേറോം
കൊല്ലം കോയിക്കൽ ഗവ. സ്‌കൂളിലെ അദ്ധ്യാപക ദമ്പതികളായ സി. ജെറോമിന്റെയും എസ്തറിന്റെയും പതിനാറാം വിവാഹവാർഷികത്തിലെത്തിയ സന്തോഷമായിരുന്നു ചിന്താ ജേറോം. അമ്മയുടെ ഇത്തിരി കാർക്കശ്യങ്ങൾക്കിടയിൽ അച്ഛനോടായിരുന്നു ചിന്തയ്ക്ക് അടുപ്പക്കൂടുതൽ. പത്തുവർഷം മുമ്പ് അച്ഛൻ വിട്ടുപിരിഞ്ഞതോടെ അമ്മ നിഴൽ പോലെ കൂടെയായി. മകൾ ഒറ്റയ്ക്കാവരുതെന്ന് കരുതി വയ്യായ്കൾ പോലും മാറ്റിവച്ച് രാത്രി പഠനത്തിടെ കൂട്ടിരിക്കുന്ന അമ്മയാണ്. സംസ്ഥാന യുവജനകമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ ഏറ്റവും വലിയ പിന്തുണ. പഠന, അക്കാഡമിക്ക് രംഗങ്ങളിലെ ഓരോ നേട്ടത്തിലും ചിന്തയുടെ പേരിനൊപ്പം നിശബ്ദമായി ആ പേര് കൂടെയുണ്ട്.
ചിന്തയുടെ പേര് കേൾക്കുമ്പോൾ തന്നെ വിവാദമാക്കുന്നവരെക്കുറിച്ചൊന്നും അമ്മയ്ക്ക് കൂടുതൽ അറിയില്ല. ചിന്ത അമ്മയെ അറിയിക്കാറുമില്ല. ഈയടുത്ത് ‘നവ ലിബറൽ കാലത്തെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്രം” എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിൽ ചിന്ത പിഎച്ച് .ഡി എടുത്തപ്പോഴും ഇതേ വിവാദങ്ങൾ ഉയർന്നുവന്നു. വിവാദങ്ങൾ ജീവിതത്തെ ബാധിക്കരുതെന്ന് ദൃഢനിശ്ചയമുള്ള ചിന്തയുടെ മനസിലിപ്പോൾ പോസ്റ്റൽ ഡോക്ടറൽ ഫെലോഷിപ്പാണുള്ളത്. പി എച്ച് .ഡി ഗവേഷണ പ്രബന്ധം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലുമാണ്.
- Advertisement -