ന്യൂഡൽഹി: ട്രാൻസ്ജെൻഡറുകളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ഇതോടെ സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിനുമുള്ള 27 ശതമാനം സംവരണത്തിൽ ഉൾപ്പെടാൻ ഇവർക്ക് അവസരമൊരുങ്ങും. സാമൂഹികനീതി മന്ത്രാലയം ഇതിനായി കാബിനറ്റ് കുറിപ്പ് തയാറാക്കി. നിരവധി മന്ത്രാലയങ്ങളുമായും ദേശീയ പിന്നാക്കവിഭാഗ കമ്മിഷനുമായും വിശദമായ ചർച്ചകൾക്കു ശേഷമാണ് കാബിനറ്റ് നോട്ട് തയാറാക്കിയത്.
ട്രാൻസ്ജെൻഡർ വ്യക്തികളെ ‘മൂന്നാം ലിംഗ’ക്കാരായി അംഗീകരിച്ചും അവർ സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക വിഭാഗത്തിലാണെന്നുമുള്ള സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രത്തിന്റെ നടപടി. വിദ്യാഭ്യാസത്തിലും ജോലിയിലും ഇവർക്കു സംവരണ ആനുകൂല്യം നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
- Advertisement -
ഒബിസി പട്ടിക ഭേദഗതി ചെയ്ത് ട്രാൻസ്ജെൻഡറുകളെ ഉൾപ്പെടുത്താനാണ് സാമൂഹികനീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയാറാക്കിയിരിക്കുന്നത്. ഇതിനു പുറമേ 25 പിന്നാക്ക വിഭാഗങ്ങൾ പട്ടികയിൽ ഉൾപ്പെടാനായി കാത്തിരിക്കുന്നുണ്ട്. ഏതെങ്കിലും വിഭാഗത്തെ പട്ടികയിൽ ഉൾപ്പെടുത്താൻ രാഷ്ട്രപതിയുടെ ഉത്തരവിൽ ഭേദഗതി വരുത്തണം. ഇതിനു പാർലമെന്റിന്റെ അംഗീകാരം വേണം. പാർലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം കേന്ദ്രസർക്കാർ രാഷ്ട്രപതിയുടെ ഉത്തരവ് ഭേദഗതി ചെയ്യാനുള്ള നടപടി സ്വീകരിക്കും.
ഒബിസി പട്ടികയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് ജി.രോഹിണി കമ്മിഷന്റെ ശുപാർശകളും പരിഗണിക്കും. വിഷയം ഏറെ സങ്കീർണമായതിനാൽ അടുത്ത വർഷം ഉത്തർപ്രദേശിലും പഞ്ചാബിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്ന ശേഷമേ ഒബിസി ലിസ്റ്റ് പുതുക്കുകയുള്ളുവെന്നാണ് റിപ്പോർട്ട്.
- Advertisement -