ഹരിപ്പാട്: ആറാട്ടുപുഴ പെരുമ്ബള്ളിയിൽ കൂറ്റൻ തിമിംഗലത്തിൻറെ അവശിഷ്ടങ്ങൾ തീരത്ത് അടിഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് ശക്തമായ തിരമാലയെ തുടർന്ന് തിമിംഗലത്തിൻറെ ശരീരഭാഗം കരയ്ക്ക് അടിയുകയായിരുന്നു.ഒരാഴ്ചയോളം പഴക്കം ചെന്ന തിമിംഗലത്തിന്റെ ഉടലും വാൽ ഭാഗവും വേർപെട്ട രീതിയിലായിരുന്നു. ഫൈൻ വെയിൽ ഇനത്തിൽപ്പെട്ട തിമിംഗലം ആണെന്ന് ശരീരഭാഗം പരിശോധിച്ചശേഷം റാന്നി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീഷ് പറഞ്ഞു.പത്ത് മീറ്റർ നീളവും, അഞ്ചു മീറ്റർ വണ്ണവും തിമിംഗലത്തിന് ഉണ്ട്
ഇതിൻറെ വയർ ഭാഗങ്ങൾ ഇല്ലാതിരുന്നതിനാൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കുവാൻ കഴിയില്ല എന്ന് പരിശോധന നടത്തിയ ആറാട്ടുപുഴ മൃഗാശുപത്രിയിലെ ഡോക്ടർ ബിനിൽ പറഞ്ഞു. ശരീരഭാഗം അഴുകിയതിനാൽ രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെട്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുമതിയെ തുടർന്ന് ആറാട്ടുപുഴ പഞ്ചായത്തിൻറെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് തീരത്ത് തന്നെ തിമിംഗലത്തിൻറെ ശരീരഭാഗങ്ങൾ മറവുചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ മൻസൂർ ഗ്രാമപഞ്ചായത്തംഗം വിജയാംബിക എന്നിവരുടെ നേതൃത്വത്തിലാണ് മറവ് ചെയ്തത്.
- Advertisement -
തിമിംഗലത്തിന്റെ ശരീരാവശിഷ്ടങ്ങൾ തീരത്തടിഞ്ഞതിൽ അസ്വാഭാവികതയില്ലെന്നും ശരീരം വേർപെട്ട നിലയിൽ കാണപ്പെട്ടത് ശക്തമായ തിരമാലയിൽ ഇവ തീരത്തടിഞ്ഞപ്പോൾ വേർപെട്ടതാകാമെന്നും അധികൃതർ പറഞ്ഞു.
- Advertisement -