കോഴിക്കോട്: കുട്ടികളിൽ കാണുന്ന ഒരുതരം അപൂർവ കരൾ അർബുദത്തിന് (ലാംഗർഹെൻസ് സെൽ ഹിസ്റ്റിയോസൈറ്റോസിസ്) ചികിത്സാ പ്രോട്ടോകോൾ തയ്യാറാക്കി മലയാളി ഡോക്ടർ. ചെന്നൈ ഡോ. റെല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് പീഡിയാട്രിക്‌സിലെ പീഡിയാട്രിക് ഹെപ്പറ്റോളജിസ്റ്റ് ഡോ. വി.ആർ. ജഗദീഷ് മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സക്രമത്തിന് രൂപം നൽകിയത്.
മൂന്നുവയസ്സുവരെയുള്ള കുട്ടികളിലാണ് സാധാരണയായി രോഗം കണ്ടുവരുന്നത്. രോഗം പിന്നീട് കരൾവീക്കത്തിനും (സീറോസിസ്) ഇടയാക്കും. ഇതോടെ ചികിത്സയും രോഗമുക്തിയും പ്രയാസമേറിയതാവും. രോഗചികിത്സയ്ക്ക് ഏകീകൃതമായ പ്രോട്ടോകോൾ ഉണ്ടായിരുന്നില്ല. പുതിയ രീതിയിൽ പാർശ്വഫലങ്ങൾ കുറവായ മരുന്നുകൾ ഉപയോഗിച്ച് ആദ്യം കരളിലെ ട്യൂമർ ചികിത്സിച്ച് മാറ്റിയശേഷം കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഇതുവഴി രോഗം കരളിലുണ്ടാക്കിയ കേടുപാടുകൾ ഭേദമാവും.
- Advertisement -
റെലെ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദേശികൾ ഉൾപ്പെടെ ആറു കുട്ടികളെ പുതിയ രീതിയിൽ ചികിത്സിച്ചപ്പോൾ എല്ലാവരും രോഗമുക്തി നേടി. സമാനമായ ഫലം എല്ലായിടത്തും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. ജഗദീഷ് പറഞ്ഞു.
ഇറ്റലിയിലെ മിലാനിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓർഗൻ ട്രാൻസ്പ്ലാന്റ് കോൺഗ്രസിൽ ഡോ. ജഗദീഷ് പുതിയ ചികിത്സാ പ്രോട്ടോകോൾ സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് മെഡിസിൻ ബിരുദവും ചണ്ഡീഗഢ് പോസ്റ്റ്ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽനിന്ന് പീഡിയാട്രിക് ഹെപ്പറ്റോളജിയിൽ എം.ഡി.യും പീഡിയാട്രിക് ഗാസ്‌ട്രോ എന്ററോളജിയിൽ ഡി.എം. ബിരുദവും നേടിയ ജഗദീഷ് മേനോൻ കോഴിക്കോട് കാരന്തൂർ മുണ്ടിക്കൽത്താഴത്തെ പ്രൊഫ. സി. രാധാകൃഷ്ണൻ നായരുടെയും ഗീതയുടെയും മകനാണ്. ഭാര്യ: ഡോ. അമൃതാനായർ.
- Advertisement -