ഇന്ധനത്തിനൊപ്പം സിമൻറ് വിലയും കുതിക്കുന്നു: ഒരു ചാക്ക് സിമൻറിന് രണ്ടു ദിവസത്തിനിടെ കൂടിയത് 125 രൂപയോളം
തിരുവനന്തപുരം: കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിസന്ധി തുടരുന്നു. നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടും റിയൽഎസ്റ്റേറ്റ് രംഗത്ത് സാമ്ബത്തിക പ്രതിസന്ധി നിലനിൽക്കുകയാണ്. നിർമാണ സാമഗ്രികളുടെ വർധിച്ചുവരുന്ന വിലക്കയറ്റം തന്നെയാണ് പ്രധാന കാരണം. സിമന്റ് അടക്കമുള്ള നിർമാണ സാമഗ്രികളുടെ വില വൻതോതിൽ വർധിച്ചതാണ് നിലവിലെ പ്രധാനപ്രശ്നമെന്ന് ബിൽഡർമാർ പറയുന്നു.
രണ്ടു ദിവസത്തിനിടെ ഒരു ചാക്ക് സിമൻറിന് 125 രൂപയോളമാണ് കൂടിയത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമെന്നാണ് കമ്ബനികളുടെ വിശദീകരണം.
കമ്ബനികൾ സിമൻറിന് തോന്നുംപടി വിലകൂട്ടുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തുണ്ട്. കൊവിഡ് പ്രതിസന്ധികളിൽ നിന്ന് നിർമാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് സിമൻറിന് വിലകയറുന്നത്. കൊവിഡിന് മുമ്ബ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. മാസങ്ങൾക്ക് മുമ്ബ് ഇതുയർന്ന് 445 രൂപവരെയെത്തി. കമ്ബനികൾ നൽകുന്ന ഇളവുകൾ ചേർത്ത് 400 രൂപക്കായിരുന്നു കഴിഞ്ഞ ദിവസം വരെ ചില്ലറ വിൽപന. ഇതാണ് 525 രൂപയിലേക്ക് ഉയരുന്നത്. നിലവിലുളള സ്റ്റോക്ക് പഴയവിലയ്ക്ക് വിൽക്കുമെങ്കിലും മൂന്നുദിവസത്തിനകം വിലക്കയറ്റം വിപണയിൽ പ്രതിഫലിക്കും. സ്വകാര്യ കമ്ബനികൾ വിലകൂട്ടുമ്‌ബോൾ പൊതുമേഖല സ്ഥാപനമായ മലബർ സിമൻറും വില ഉയർത്താൻ നിർബന്ധിതരാകും.
- Advertisement -
വാർക്കക്കമ്ബി ഉൾപ്പെടെയുള്ള ഉരുക്ക് ഉൽപന്നങ്ങൾക്ക് കഴിഞ്ഞ ലോക്ഡൗൺ കാലത്തെ അപേക്ഷിച്ച് കിലോയ്ക്ക് 25 രൂപ വരെ വർധനയുണ്ട്. ഇതു കിലോയ്ക്ക് 70 രൂപ കടന്നു. കഴിഞ്ഞ വർഷം തുടക്കത്തിൽ 45 രൂപയായിരുന്നു. 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടു നിർമിക്കാൻ 500 ചാക്കു സിമന്റും 4 ടൺ കമ്ബിയും വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. നിർമാണത്തിന് ആവശ്യമായ പാറപ്പൊടിക്കും കരിങ്കല്ലിനും പ്ലമിങ് ഉൽപന്നങ്ങൾക്കും വില കൂടിയിട്ടുണ്ട്. അതേസമയം, സിമൻറ് വില കുതിച്ചുയർന്നാൽ കരാർ എടുത്ത പ്രവൃത്തികളിൽ 30 ശതമാനം വരെ നഷ്ടമുണ്ടാകുമെന്ന് കാട്ടി സർക്കാർ കരാറുകാർ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. കമ്ബനികളുമായി നേരിട്ട് ചർച്ച നടത്തി വില ഏകീകരണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തുണ്ട്.
- Advertisement -