പല വിധത്തിലാണ് മോഷ്ടാക്കളുടെ പെരുമാറ്റം. ചിലര്‍ ഗതികേടുകൊണ്ടാണ് പണമെടുക്കുന്നത് എന്ന് കത്തുവരെ എഴുതിയാണ് മോഷണ ശേഷം കടന്നുകളയുന്നത്. മറ്റ് ചിലരാകട്ടെ വര്‍ഷങ്ങള്‍ക്ക് ശേഷം മോഷണ വസ്തു തിരികെ വച്ചിട്ട് പോവുന്നവരുമുണ്ട്. എന്നാല്‍ മധ്യപ്രദേശിലെ ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍ മോഷണത്തിന് കയറിയത് തികച്ചും വ്യത്യസ്തനായ ഒരു കള്ളനാണ്.
അതീവ സുരക്ഷാ മേഖലയിലെ വീട്ടില്‍ കയറിയ കള്ളന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കായി വച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ്. മധ്യപ്രദേശിലെ ദേവാസിലെ സിവില്‍ ലൈനിലുള്ള വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പൊലീസ് ഉദ്യോഗസ്ഥരുടേയും അഭിഭാഷകരുടേയും വീടുകള്‍ക്ക് സമീപമാണ് ഡെപ്യൂട്ടി കളക്ടര്‍ ത്രിലോചന്‍ ഗൌറിന്‍റെ വീട്. ജില്ലാ സൂപ്രണ്ടിന്‍റെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലം മാത്രമാണ് ഇവിടേക്കുള്ളത്.
കഴിഞ്ഞ കുറച്ചുനാളുകളായി ഡെപ്യൂട്ടി കളക്ടര്‍ സ്ഥലത്തില്ലായിരുന്നു. ഈ സമയത്താണ് ഇവിടെ മോഷണം നടന്നത്. കുറച്ച് വെള്ളിയാഭരണങ്ങളും പണവുമാണ് ഇവിടെ നിന്ന് മോഷണം പോയത്. മുപ്പതിനായിരം രൂപയാണ് മോഷണം പോയതെന്ന് ഡെപ്യൂട്ടി കളക്ടറും പറയുന്നു. എന്നാല്‍ കളക്ടറെ വരെ ചിരിപ്പിച്ച ഒരു കുറിപ്പ് അവശേഷിപ്പിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. വീട്ടില്‍ പണമില്ലെങ്കില്‍ വീട് പൂട്ടിയിടണ്ട എന്ന കുറിപ്പ് ഒപ്പടക്കമിട്ടാണ് കള്ളന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കായി ബാക്കി വച്ചത്.