കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി.മറ്റന്നാള്‍ ശിക്ഷ വിധിക്കുമെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു. എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി.
ചുമത്തിയ കുറ്റങ്ങള്‍ സൂരജിനെ വായിച്ചുകേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്നു ജഡ്ജി ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി. പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്നും, വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
- Advertisement -
‘വധശിക്ഷ നല്‍കാവുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്. സ്വന്തം ഭാര്യ വേദന കൊണ്ട് നിലവിളിക്കുമ്ബോള്‍ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധി വേണം.’-പ്രോസിക്യൂഷന്‍ വാദിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്ന് പറയാനാകില്ലെന്നും, ഉത്രയുടേത് കൊലപാതകമല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ഉത്രയുടെ അച്ഛനും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. സംസ്ഥാനത്ത് പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ആദ്യ കേസാണിത്. പാമ്ബിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, ഡെമ്മി പരീക്ഷണവും അടക്കമുള്ള ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്.
2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് അഞ്ചല്‍ ഏറം സ്വദേശിയായ ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു.
പാമ്ബുപിടുത്തക്കാരനായ സുരേഷിന്റെ കൈയില്‍ നിന്നാണ് സൂരജ് മൂര്‍ഖനെ വാങ്ങിയത്. ഇതിന് മുന്‍പ് അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ വച്ച് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്ബോഴായിരുന്നു മൂര്‍ഖനെ ഉപയോഗിച്ചുള്ള കൊലപാതകം.
ഉത്രയെ ജനലിലൂടെ വീടിനുളളില്‍ കയറിയ മൂര്‍ഖന്‍ കടിച്ചു എന്നായിരുന്നു സൂരജ് പറഞ്ഞത്. വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഉത്രയുടെ മരണാനന്തര ചടങ്ങുകളിലെ സൂരജിന്‍റെ അമിതാഭിനയം ഉത്രയുടെ ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചു.
മരണത്തിലെ ദുരൂഹത സംബന്ധിച്ച് ഉത്രയുടെ സഹോദരന്‍ അഞ്ചല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പക്ഷേ അന്വേഷണം കാര്യമായി നടന്നില്ല. ഉത്രയ്ക്ക് നല്‍കിയ സ്വര്‍ണവും പണവും കുഞ്ഞിന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സൂരജ് പ്രകോപിതനായി പിണങ്ങിപ്പോയി. ഇതോടെ ഉത്രയുടെ ബന്ധുക്കളുടെ സംശയം കൂടി.
2020 മേയ് 21 ന് ഉത്രയുടെ വീട്ടുകാര്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി. തൊട്ടടുത്ത ദിവസം റൂറല്‍ എസ് പി ഹരിശങ്കറിനെയും പരാതിയുമായി സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
മേയ് 23ന് സൂരജിനെയും, സുരേഷിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജൂലായ് ഏഴിന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി ജി മോഹന്‍രാജിനെ നിയമിച്ചു. ജൂലായ് 14-ന് നടത്തിയ തെളിവെടുപ്പിനിടെ ഉത്രയെ കൊന്നത് താന്‍ തന്നെയാണെന്ന് സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു.
- Advertisement -