വിദേശത്തു നിന്ന് പണം കൊണ്ടുവരാമെന്നാണ് മോന്‍സണും മോദിയും പറഞ്ഞത്; പരിഹാസവുമായി സ്വാമി സന്ദീപാനന്ദ ഗിരി
വിദേശത്തു നിന്ന് പണം കിട്ടാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലും പ്രധാനമന്ത്രി മോദിയും ഒരേ പോലെയാണ് ആളുകളെ കബളിപ്പിച്ചതെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. പ്രധാനമന്ത്രിയുടെ പേര് പറയാതെ സൂചനകള്‍ മാത്രം നല്‍കിയുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്വാമിയുടെ വിമര്‍ശനം.
വിദേശത്തു നിന്നും പണം കിട്ടാനുണ്ടെന്നും അത് എത്തിക്കാനായി പണം ആവശ്യമുണ്ടെന്നും പറഞ്ഞാണ് മോന്‍സണ്‍ മാവുങ്കല്‍ ആളുകളില്‍ നിന്ന് പണം സമാഹരിച്ചത്. വിദേശത്തു നിന്നുള്ള പണം കിട്ടിയാല്‍ എല്ലാവരുടെയും പണം ഇരട്ടിയായി തിരിച്ചു തരുമെന്ന് പറഞ്ഞായിരുന്നു മോന്‍സന്‍റെ തട്ടിപ്പ്. പ്രധാനമന്ത്രി മോദിയും ഇതേ തട്ടിപ്പാണ് നടത്തിയതെന്ന് പേര് പരാമര്‍ശിക്കാതെ സ്വാമി വിമര്‍ശിച്ചു. വിദേശ ബാങ്കുകളില്‍ കിടക്കുന്ന പണം കൊണ്ടുവന്ന് എല്ലാവര്‍ക്കും 15 ലക്ഷം തരുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. അത് വിശ്വസിച്ച് വോട്ട് നല്‍കിയവരെ തട്ടിപ്പിനിരയാക്കുകയായിരുന്നുവെന്ന് സ്വാമി പരിഹസിച്ചു.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
മോന്‍സന്‍ മാവുങ്കലിന്‍റെ തട്ടിപ്പില്‍നിന്ന് നാം പഠിക്കേണ്ടുന്ന വലിയ പാഠം!
മോന്‍സന്‍ മറ്റുള്ളവരെ കബളിപ്പിക്കാന്‍ വേണ്ടി പറഞ്ഞത് തനിക്ക് കിട്ടാനുള്ള കോടിക്കണക്കിന് രൂപ വിദേശത്ത് കുടുങ്ങി കിടക്കുന്നു അതിന്‍റെ ആവശ്യത്തിലേക്ക് എനിക്ക് കുറച്ച് കാശ് വേണം.
വിദേശത്തുള്ള കാശ് വന്നാല്‍ നിങ്ങളുടെ കാശ് ഇരട്ടിയായി നിങ്ങളുടെ ബാങ്കില്‍ ഞാന്‍ ഇടും.
ഇതു വിശ്വസിച്ചവരാണ് മോന്‍സന് കാശ് കൊടുത്തത്. ഇതേ കാര്യമല്ലേ പണ്ടൊരാള്‍ പറഞ്ഞത്,
നിങ്ങള്‍ക്ക് അവകാശപ്പെട്ട പണം വിദേശ ബാങ്കുകളില്‍ കിടക്കുന്നു അത് ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ ഓരോ ഇന്ത്യക്കാരനും 15 ലക്ഷം വീതം ഞാന്‍ തരും.
നിങ്ങളെനിക്ക് തരേണ്ടത് നിങ്ങളുടെ വിലയേറിയ ഒരു വോട്ട്!
പാവം ജനങ്ങള്‍ അത് വിശ്വസിച്ചു. 15 ലക്ഷം സ്വപ്നം കണ്ടു.
എല്ലാവര്‍ക്കും അച്ഛാദിന്‍ നേരുന്നു.
ധ്വജ പ്രണാമം!!!
“മോന്‍സനൊരു ചെറിയമീനാണ്”