തൃശ്ശൂർ: ഡ്രൈവിങ് ടെസ്റ്റിന് തിയ്യതി ലഭിക്കാൻ വൈകിയതിൽ പ്രകോപിതനായ യുവാവ് ഡ്രൈവിങ് സ്‌കൂളുകാരന്റെ കാറുകൾ അടിച്ചുതകർത്തു.
- Advertisement -
സംഭവത്തെ തുടർന്ന് ജില്ലയിലെ ഡ്രൈവിങ് സ്‌കൂളുകാർ നഗരത്തിൽ പ്രതിഷേധിച്ചു. തൃശൂർ കൊഴുക്കുള്ളിയിലെ ഗൗരി നന്ദ ഡ്രൈവിങ് സ്‌കൂൾ ഉടമ അനിലന്റെ വീട്ടിൽ അർധരാത്രിയായിരുന്നു അക്രമം. മുടിക്കോട് സ്വദേശിയായ യുവാവും രണ്ടു സുഹൃത്തുക്കളും വീട്ടുവളപ്പിലേക്ക് അതിക്രമിച്ചു കയറി കാറുകൾ തല്ലി തകർക്കുകയായിരുന്നു. വരാന്തയിൽ കയറിയ യുവാവ് വളർത്തുമീൻ ടാങ്കാണ് ആദ്യം അടിച്ചുതകർത്തത്. വാതിലിൽ ഇടിച്ച് ബഹളമുണ്ടാക്കിയ കുടുംബാംഗങ്ങളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം രണ്ടു കാറുകളും അടിച്ചുതകർക്കുകയായിരുന്നു. വീടിനകത്തേയ്ക്കു കയറാനുള്ള ശ്രമം കുടുംബാംഗങ്ങൾ പ്രതിരോധിച്ചതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുചക്രവാഹനങ്ങൾ മറിച്ചിട്ട് അയൽപക്കത്തെ വീടിന്റെ ഗേയ്റ്റും പിടിച്ചുകുലുക്കി ഭീഷണി മുഴക്കിയാണ് അക്രമികൾ സ്ഥലംവിട്ടത്.
അക്രമികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു. ബി.എം.എസ് സംഘടനകളുടെ നേതൃത്വത്തിൽ തൃശൂർ തെക്കേഗോപുരനടയിൽ പ്രതിഷേധം നടത്തി. അക്രമികളെ മണ്ണുത്തി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷ നൽകിയവർക്ക് പുതിയ തിയ്യതി അനുവദിച്ചിട്ടില്ലെന്നാണ് ഡ്രൈവിങ് സ്‌കൂൾ സംഘടന പറയുന്നത്. പുതിയതായി അപേക്ഷിക്കുന്നവർക്ക് തീയ്യതി ലഭിക്കുന്നുമുണ്ട്.
ഇതിന്റെ പേരിൽ ആളുകളും ഡ്രൈവിങ് സ്‌കൂൾ അധികൃതരും തമ്മിൽ വാക്കേറ്റവും ബഹളവും പതിവാണ്. ഈ പ്രശ്നം ഉടൻ പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഇടപെടണമെന്നാണ് അവർ ഉന്നയിക്കുന്ന ആവശ്യം.
- Advertisement -