Ultimate magazine theme for WordPress.

ഏഴാം സ്ഥാനത്തുനിന്ന് ചാമ്പ്യൻ ടീമിലേക്ക്; ഉയിർത്തെഴുന്നേൽപ്പിൻറെ പേരാണ് ചെന്നൈ!

0

 

 

കഴിഞ്ഞ കേരളപ്പിറവിദിനത്തിൽ അബൂദാബി രാജ്യാന്തര സ്റ്റേഡിയത്തിൽ ഐപിഎല്ലിന്റെ പതിമൂന്നാം സീസണിലെ അവസാന മത്സരം കഴിഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി പറഞ്ഞ ഒരുവാക്കുണ്ട്. We will come back stronger.. That is what we are known for… അതെ, അക്ഷരംപ്രതി, അല്ല ക്രിക്കറ്റ് പ്രതി മഹേന്ദ്ര സിങ് ധോണിയും സംഘവും അത് തെളിയിച്ചു; കിരീടംകൊണ്ടുതന്നെ!

- Advertisement -

ഇങ്ങനെയുമുണ്ടോ ഒരു ഉയിർത്തെഴുന്നേൽപ്പ്! കോവിഡ് പ്രതിസന്ധിക്കിടെ യുഎഇയിൽ നടന്ന ഐപിഎല്ലിന്റെ പതിമൂന്നാം സീസൺ ചെന്നൈ സൂപ്പർ കിങ്സിന് ഓർക്കാൻ കാര്യമായൊന്നും ബാക്കിയാക്കിയിരുന്നില്ല. ടീം ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനം. തുടർതോൽവികളേറ്റുവാങ്ങി പ്ലേഓഫ് കാണാനാകാതെ പുറത്താകുന്ന ആദ്യ ടീമായി. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനക്കാരും. എല്ലാത്തിനും മീതെ ടീമിന്റെ പവർബാങ്കായ മഹേന്ദ്ര സിങ് ധോണി അപ്പാടെ ഫോം നഷ്ടപ്പെട്ട് തപ്പിത്തടഞ്ഞ സീസൺ.

എന്നാൽ, എംഎസ് ധോണിയെയും ഐപിഎൽ ചരിത്രവും അറിയുന്നവർക്ക് അയാൾ അന്നു പറഞ്ഞ വാക്കുകളിൽ കൃത്യമായ മുന്നറിയിപ്പുണ്ടായിരുന്നു. ഇത്തവണ ഡൽഹിയുടെ യുവതുർക്കികൾക്കെതിരെ ഏഴു വിക്കറ്റ് ജയവുമായായിരുന്നു ചെന്നൈ പടയോട്ടം ആരംഭിച്ചത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തുടരെ ആറ് ജയങ്ങൾ. ആർക്കും പിടിനൽകാതെ കുതിച്ചുപാഞ്ഞ ചെന്നൈ അശ്വമേധം തടഞ്ഞുനിർത്താനായത് കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മുംബൈയ്ക്ക് മാത്രം. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ നിർത്തിവച്ച മത്സരം ദുബൈയിൽ പുനരാരംഭിച്ചത് ചെന്നൈ-മുംബൈ സൂപ്പർ പോരാട്ടത്തിലൂടെ. അവസാന മത്സരത്തിലെ തോൽവിക്ക് മുംബൈയോട് കണക്കുതീർത്ത് ദുബൈയിലും ചെന്നൈ കുതിപ്പ് തുടർന്നു.

ഏറ്റവുമൊടുവിൽ, ആരാധകരെല്ലാം കാത്തിരുന്ന ആ നിമിഷവും സംഭവിച്ചു. നായകൻ മഹേന്ദ്ര സിങ് ധോണിയുടെ തന്നെ തിരിച്ചുവരവ്! ഡൽഹിക്കെതിരെ നടന്ന ക്വാളിഫയർ പോരാട്ടത്തിൽ കളി കൈവിട്ടിടത്തുനിന്ന് അയാൾ അവതരിച്ചു; പഴയ ഫിനിഷറുടെ അതേ റോളിൽ. ആറു പന്തിൽ ഒരു സിക്സറും മൂന്നു ബൗണ്ടറിയും സഹിതം 18 റൺസടിച്ച് ടീമിനെ ഫൈനലിലേക്ക് നയിച്ചു. ഒടുവിൽ, ഒരു വർഷംമുൻപ് പറഞ്ഞ വാക്ക് അയാൾ കിരീടംകൊണ്ട് പൂർത്തിയാക്കി.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ് ചെന്നൈ. നാലുതവണ ചാമ്പ്യന്മാർ. ഫൈനലിൽ കടന്നത് അഞ്ചു സീസണിൽ. നാലും മൂന്നും സ്ഥാനങ്ങളായി ക്വാളിഫയറിൽ രണ്ടു തവണയും. ക്വാളിഫയർ കടക്കാനാകാതിരുന്നത് കഴിഞ്ഞ സീസൺ മാത്രം.

 

 

- Advertisement -

Leave A Reply

Your email address will not be published.