കാശ്മീരിൽ ലക്ഷ്‌കർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു; കനത്ത ഏറ്റുമുട്ടൽ
ദില്ലി: കശ്മീരിലെ പാംപോറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. ലക്ഷ്‌കർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്നലെ ശ്രീനഗറിലും പുൽവാമയിലുമായി രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. മുൻപ് നടന്ന ആക്രമണങ്ങളിൽ പങ്കാളികളായവരെയാണ് വധിച്ചത്. ജമ്മുകശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യുവരിച്ചു.
- Advertisement -
നാട്ടുകാർക്ക് നേരെ നടന്ന ആക്രമണങ്ങളിൽ പങ്കാളിയായ ഭീകരനെയാണ് പുൽവാമയിൽ സുരക്ഷ സേന വധിച്ചത്. ശ്രീനഗർ സ്വദേശിയായ ഷാഹിദ് ബാസിർ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ ഐജിപി വിജയ് കുമാർ പറഞ്ഞു. ഇയാൾക്ക് പിഡിഡി ഉദ്യോഗസ്ഥനായ സാഫി ധറിൻറെ നേരെ നടന്ന ഭീകരാക്രമണത്തിൽ പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു. ശ്രീനഗറിലെ ബെമീനയയിൽ പൊലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഒരു ഭീകരനെ വധിച്ചു.
പൊലീസ് ഉദ്യോഗസ്ഥനായ അർഷിദ് ഫറൂഖിൻറെ കൊലപാതകത്തിൽ പങ്കുള്ള ഭീകരനെയാണ് വധിച്ചതെന്ന് പൊലീസ് പറഞ്ഞു പൂഞ്ചിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ സൈനികരായ വിക്രം സിങ് നേഗിയും യോഗാന്പർ സിങുമാണ് പിന്നീട് വീരമൃത്യു വരിച്ചത്. കൊടുവനത്തിലെ അതീവ ദൂഷ്‌കരമായ മേഖലയിൽ വച്ചായിരുന്നു ആക്രമണം.
ഒക്ടോബർ പത്തിന് പൂഞ്ചിലെ ദേര കി ഖലിയിൽ ഉണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അന്ന് നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനീകർ വീരമൃത്യു വരിച്ചിരുന്നു. ആക്രമണം നടന്ന മേഖലയിൽ ഭീകരർക്കായി സൈന്യം വ്യാപകമായ തെരച്ചിൽ നടത്തുകയാണ്. കൂടുതൽ സൈനീകരേയും ഇവിടേക്ക് നിയോഗിച്ചു.
- Advertisement -