Ultimate magazine theme for WordPress.

കുഞ്ഞിനെ കാണാതായ സംഭവം: ഒടുവിൽ അനുപമയുടെ പരാതിയിൽ ഉറ്റബന്ധുക്കൾക്കെതിരെ പൊലീസ് കേസ്

0

തിരുവനന്തപുരം: പേരൂർക്കടയിൽ അനുപമ എന്ന യുവതിയുടെ കുഞ്ഞിനെ കാണാതായ സംഭവത്തിൽ പോലീസ് കേസെടുത്തു. പരാതി കൊടുത്ത് ആറ് മാസത്തിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരി ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ഏപ്രിൽ 19 നാണ് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയത്. പക്ഷേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല. കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയിട്ടും ഇതുവരെയും തിരിച്ച് നൽകിയില്ലെന്ന വാർത്ത ഏഷ്യാനെറ്റ്ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്

- Advertisement -

അനുപമയുടെ സമ്മതത്തോടെ കുട്ടിയെ ശിശുക്ഷേമ സമിതിയിൽ ഏൽപിച്ചുവെന്നാണ് അനുപമയുടെ അച്ഛൻ ന്യൂസ് അവറിൽ പറഞ്ഞത്. അനുപമയുടെ പരാതി എടുക്കാനാവില്ലെന്ന് ഇന്നലെ ചൈൽഡ് വെൽഫയർ കമ്മിറ്റി ഇന്നലെ അനുപമയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 19 ന് ആണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേൽപിക്കാം എന്ന് പറഞ്ഞ് അച്ഛനും അമ്മയും കൊണ്ടുപോവുകായായിരുന്നുവെന്നാണ് അനുപമയുടെ പരാതി.

ദുരഭിമാനത്തെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. കുഞ്ഞിന്റെ ഒന്നാം പിറന്നാളാണ് ഇന്ന്. പരാതി അന്വേഷിക്കാതെ പോലീസും പരാതി സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞ് സിഡബ്ല്യൂസിയും നേരത്തെ അനുപമയെ കൈയ്യൊഴിഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് മൂന്നാം ദിവസം രക്ഷിതാക്കള്‍ കൊണ്ടുപോയ കുഞ്ഞ് എവിടെയാണെന്ന് അനുപമയെ ആരും അറിയിച്ചില്ല. സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോള്‍ അനുപമ വീടുവിട്ടിറങ്ങി. കുട്ടിയുടെ അച്ഛനായ അജിത്തൊനൊപ്പം താമസം തുടങ്ങി. അന്ന് തുടങ്ങിയ പരാതി കൊടുക്കല്‍ ആറുമാസത്തിനിപ്പുറം ഇന്നും തുടരുന്നു.

കുഞ്ഞിനെ ഉപേക്ഷിച്ചോ ഇല്ലയോ എന്നന്വേഷിക്കാന്‍ പോലും പോലീസ് ഇതുവരെ തയ്യാറായിരുന്നില്ല. എസ്എസ്എല്‍സി ബുക്കും തിരിച്ചറിയല്‍ രേഖകളും അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുകിട്ടണമെന്ന് ഏപ്രില്‍ 15 ന് പേരൂര്‍ക്കട പോലീസില്‍ കൊടുത്ത പരാതി പോലും അവഗണിച്ച പോലീസില്‍ നിന്ന് അനുപമയിപ്പോള്‍ നീതി പ്രതീക്ഷിക്കുന്നില്ല. ഡിജിപിയും മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ നേതാക്കളും എല്ലാം കൈവിട്ട അനുപമയുടെ പരാതി, സിഡബ്ലൂസിയും തള്ളിയോടെ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായി.

ഒരു നിയമപ്രാബല്യവുമില്ലാത്ത രേഖകളുണ്ടാക്കി കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന് അനുപമയുടെ അച്ഛന്‍ പരസ്യമായി പറഞ്ഞിട്ടും കേസെടുക്കാന്‍ നിയമോപദേശത്തിന് കാത്തിരിക്കുകയാണെന്ന മറുപടിയാണ് ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും. പരാതി കൊടുത്ത് ആറ് മാസം കഴിഞ്ഞിട്ടും തന്‍റെ കുഞ്ഞ് എവിടെയെന്ന് പോലും അറിയാത്തതിനാല്‍ അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അനുപമ.

- Advertisement -

Leave A Reply

Your email address will not be published.