Ultimate magazine theme for WordPress.

കുശിനഗര്‍ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, നാല് വര്‍ഷത്തിനുള്ളില്‍ 200 ഓളം വിമാനത്താവളങ്ങള്‍ നിര്‍മിക്കും, പരിശീലനത്തിന് അഞ്ച് അക്കാഡമികള്‍ ഉടന്‍

0

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൂന്നാമത്തെ വിമാനത്താവളമായ കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയില്‍ നിന്നും കുശിനഗറിലേക്ക് പുതിയ വിമാനസര്‍വീസുകള്‍ ആരംഭിക്കാന്‍ സ്വകാര്യ കമ്ബനിയായ സ്പൈസ് ജറ്റ് തയ്യാറായിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വളരെനാളുകളായുള്ള സ്വപ്നത്തിന്റെയും പ്രയത്നത്തിന്റെയും ഫലമാണ് കുശിനഗര്‍ വിമാനത്താവളമെന്നും ബുദ്ധ ഭഗവാന്‍ പരിനിര്‍വാണം ചെയ്ത സ്ഥലമെന്ന നിലയ്ക്ക് കുശിനഗര്‍ വിമാനത്താവളം ഇന്ത്യക്ക് മാത്രമല്ല ശ്രീലങ്ക കമ്ബോഡിയ മുതലായ ബുദ്ധമതം ആചരിക്കുന്ന നിരവധി രാജ്യങ്ങള്‍ക്കും പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഭഗവാന്‍ ബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ വികസിപ്പിക്കുന്നതിനും, സംയോജിപ്പിക്കുന്നതിനും കൂടാതെ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും കുശിനഗറിന്റെ വികസനം യുപി സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും മുന്‍ഗണന പട്ടികയിലുള്ള കാര്യമാണെന്നും മോദി വ്യക്തമാക്കി.

- Advertisement -

വരുന്ന മൂന്ന് നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 200ഓളം വിമാനത്താവളങ്ങള്‍ കൂടി നിര്‍മിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും രാജ്യത്തെ യുവാക്കള്‍ക്ക് വിമാനപരിശീലനം നല്‍കുന്നതിന് വേണ്ടി അഞ്ച് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച്‌ അക്കാദമികള്‍ ആരംഭിക്കുമെന്നും മോദി അറിയിച്ചു. ഡ്രോണുകള്‍ മുതലായ അത്യാധുനിക സംവിധാനങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യ ഇതിനോടകം തന്നെ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെന്നും വരുന്ന വര്‍ഷങ്ങളില്‍ ആയിരം പുതിയ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്ന് പ്രധാനമന്ത്രി പറ‌ഞ്ഞു.

ബുദ്ധന്‍ പരിനിര്‍വാണം ചെയ്ത കുശിനഗറിലാണ് പുതിയ വിമാനത്താവളം. ബുദ്ധമതം ആചരിക്കുന്ന 15ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ മകന്‍ നാമലിന്റെ നേതൃത്വത്തില്‍ ശ്രീലങ്കയില്‍ നിന്നും നൂറിലേറെ ബുദ്ധ മത പുരോഹിതരും എട്ട് മഹാപുരോഹിതരും ചടങ്ങില്‍ പങ്കെടുത്തു.

590 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിമാനത്താവളം 17.5 കോടി രൂപ ചെലവിലാണ് നിര്‍മിച്ചിട്ടുള്ളത്. എട്ട് നിലകളുള്ള അത്യാധുനിക എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറും വിമാനങ്ങളുടെ സുരക്ഷിതമായ സഞ്ചാരത്തിനു വേണ്ടിയുള്ള നാവിഗേഷന്‍ സംവിധാനവും വിജയകരമായി പരീക്ഷണം നടത്തി. നിലവില്‍ ലക്‌നൗവിലെ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം, വാരാണസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം എന്നീ രണ്ട് വിമാനത്താവളങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. ഇതിനു പുറമേ ഗൗതം ബുദ്ധ നഗറിലെ ജെവാറില്‍ പുതുതായി ഒരു വിമാനത്താവളം കൂടി വരുന്നുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.