തൊടുപുഴ: പനിയായിരുന്നിട്ടും തക്കുടു (സൂരജ്) ചൊവ്വാഴ്ച രാവിലെതന്നെ അണക്കെട്ട് തുറക്കുന്നത് കാണാന്‍ അച്ഛെന്റ കൈപിടിച്ച് ചെറുതോണി പാലത്തിലെത്തി. അണക്കെട്ടിനെക്കുറിച്ചും വെള്ളമൊഴുകുന്നതിനെക്കുറിച്ചും ആ ആറ് വയസ്സുകാരെന്റ ചോദ്യത്തിനെല്ലാം അച്ഛന് വിജയരാജ് മറുപടി നല്കിക്കൊണ്ടിരുന്നു.
2018ലെ പ്രളയകാലത്ത് ഇടുക്കി ഡാം തുറന്നതിെന്റ രണ്ടാം ദിവസം വെള്ളം ആര്‍ത്തലച്ചൊഴുകുന്ന ചെറുതോണി പുഴക്ക് കുറുകെയുള്ള പാലത്തിലൂടെ രക്ഷാപ്രവര്‍ത്തകര്‍ അവനെയുമെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞതും വിശദീകരിച്ചുകൊടുത്തു. ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും തക്കുടു അത് കേട്ടുനില്‍ക്കെ ഇടുക്കി അണക്കെട്ടില്‍നിന്ന് ഒഴുകിയെത്തിയ ജലം ഇവര്‍ നിന്ന പാലത്തിനടിയിലൂടെ സാവധാനം ഒഴുകിക്കടന്നുപോയി.
- Advertisement -
സൂരജിനെ ഒാര്‍മയില്ലേ? കഴിഞ്ഞ പ്രളയകാലത്തിെന്റ ഓര്മചിത്രത്തിലെ ബാലന്. ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ആശുപത്രിയിലെത്തിക്കാന്‍ വാരിയെടുത്ത് ഒാടിയത്ഈ കുഞ്ഞു സൂരജിനെയായിരുന്നു. ചെറുതോണി ഇടുക്കി കോളനിയില്‍ കാരക്കാട്ട് പുത്തന്‍വീട്ടില്‍ വിജയരാജിെന്റയും മഞ്ജുവിെന്റയും മകന്. 2018 ആഗസ്റ്റ് ഒമ്ബതിനാണ് ഇടുക്കി ഡാം തുറന്നത്.
പിറ്റേദിവസം ഉച്ചയോടെ വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്ത പനിയും ശ്വാസംമുട്ടലുംകൊണ്ട് അവശനായ മൂന്നര വയസ്സുള്ള മകനെയാണ്. ആശുപത്രിയിലെത്തിക്കാന്‍ ഒരുമാര്‍ഗവുമില്ല. വെള്ളം പാലം മുട്ടി ഒഴുകുന്നതിനാല്‍ ഗതാഗതം നിരോധിച്ചിരുന്നു. തോരാ മഴ വകവെക്കാതെ മകനെ എടുത്ത് വീട്ടില്‍നിന്ന് ഇറങ്ങിയെങ്കിലും പാലത്തിനിക്കരെ അധികൃതര്‍ തടഞ്ഞു. പനി കൂടുതലാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ വിവരം ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെ അറിയിച്ചു.
കുഞ്ഞിനെ കൈയില്‍ വാങ്ങിയ അവര്‍ വിജയരാജിനോട് പിന്നാലെ ഓടാന്‍ നിര്‍ദേശിച്ചു. പിന്നൊന്നും ആലോചിക്കാതെ പിറകെ ഓടി. കണ്ണടച്ച് തുറക്കുംമുമ്ബ് മറുകരയെത്തി. തിരിഞ്ഞുനോക്കുമ്പോള്‍ പാലത്തിനു മുകളിലൂടെ വെള്ളം കുതിച്ചൊഴുകുന്നു. പനി കുറഞ്ഞ് ജില്ല ആശുപത്രിയില്‍നിന്ന് മടങ്ങുമ്പോള്‍ സമീപത്തെ പല വഴികളും വെള്ളം കയറിയും മണ്ണിടിഞ്ഞും അടഞ്ഞിരുന്നു.
ബന്ധുവിെന്റ ബൈക്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് വീട്ടിലെത്തിയത്. ഇപ്പോള്‍ മഞ്ജിമ എന്നൊരു സഹോദരികൂടിയുണ്ട് സൂരജിന്. അണക്കെട്ട് തുറക്കുമെന്നറിഞ്ഞപ്പോള് മുതല്‍ കാണാന്‍ കൊണ്ടുപോകണമെന്ന് മകന് വാശി പിടിച്ചിരുന്നതായി വിജയരാജ് പറഞ്ഞു. തുറന്നു കണ്ടപ്പോള്‍ സൂപ്പര്‍ എന്നായിരുന്നു സൂരജിെന്റ പ്രതികരണം.
- Advertisement -