മുംബൈ: ആര്യൻഖാൻ കേസിൽ എൻസിബിയ്ക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലിൽ എൻസിബി വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തും. സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന. ആരോപണങ്ങളുടെ പേരിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് സമീർ വാങ്കഡെ മുംബൈ പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി.
എൻസിബിയെ വൻ പ്രതിരോധത്തിലാക്കുന്നതായിരുന്നു സാക്ഷികളിലൊരാളായ പ്രഭാകർ സെയിൽ ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ. പ്രഭാകർ പറയുന്നത് ശരിയെങ്കിൽ എൻസിബി മറുപടി പറയേണ്ട ചോദ്യങ്ങൾ ഇതൊക്കയാണ്. റെയ്ഡ് സമയം ഒപ്പമില്ലാതിരുന്നയാളെ എന്തിന് സാക്ഷിയാക്കി? എന്തിന് ഒന്നുമെഴുതാത്ത രേഖകളിൽ നിർബന്ധിച്ച് ഒപ്പ് ചെയ്യിച്ചു? വെറുമൊരു സാക്ഷിയെന്ന് എൻസിബി വിശേഷിപ്പിക്കുന്ന കിരൺ ഗോസാവിക്ക് എൻസിബി ഓഫീസിൽ ആരാണ് ഇത്രയും സ്വാതന്ത്ര്യം നൽകിയത്. ? കസ്റ്റഡിയിലുള്ള ആര്യൻഖാനെകൊണ്ട് ആരെയൊക്കെയാണ് ഈ ഗോസാവി ഫോണിൽ സംസാരിപ്പിച്ചത്. ? ഷാരൂഖിനെ ഭീഷണിപ്പെടുത്തി തട്ടുന്ന പണത്തിൽ 8 കോടി സമീറിന് നൽകാനുള്ളതെന്ന് ഗോസാവി പറയുന്നത് കേട്ടതായി പ്രഭാകർ പറയുന്നു.
- Advertisement -