മുംബൈ: ബോളിവുഡ് താരം ശാറൂഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതോടെ സമീര്‍ വാംഖഡെയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍ സി ബി). ഏജന്‍സിയുടെ ഡെപ്യൂടി ഡയറക്ടര്‍ ജനറലായ ഗ്യാനേശ്വര്‍ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക.
എന്‍ സി ബി യുടെ ചീഫ് വിജിലന്‍സ് ഓഫിസര്‍ കൂടിയാണ് ഗ്യാനേഷര്‍ സിങ് . സമീര്‍ വാംഖഡെയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുമോ എന്ന ചോദ്യത്തിന് അന്വേഷണം ആരംഭിച്ചതേയുള്ളൂ എന്നായിരുന്നു ഗ്യാനേഷര്‍ സിങ്ങിന്റെ മറുപടി. നിലവില്‍ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് മുംബൈ സോനല്‍ ഡയറക്ടറായ സമീര്‍ വാംഖഡെയ്ക്കെതിരെ എന്‍ സി ബി അന്വേഷണം പ്രഖ്യാപിച്ചത്. കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപോര്‍ട് മുംബൈയിലെ എന്‍ സി ബി ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീര്‍ വാംഖഡെക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അതിനിടെ, സമീര്‍ വാംഖഡെക്കെതിരേയും കെ പി ഗോസാവിക്കെതിരേയും കൈക്കൂലി ആരോപണം ഉന്നയിച്ച പ്രഭാകര്‍ സെയില്‍ തിങ്കളാഴ്ച മുംബൈ പൊലീസ് കമിഷണറുടെ ഓഫിസിലെത്തി. തന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിക്കാനായാണ് അദ്ദേഹം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ കാണാനെത്തിയത്. ജോയന്റ് കമിഷണര്‍ മിലിന്ദ് ഭാരംബെയുമായി പ്രഭാകര്‍ സെയില്‍ നേരിട്ട് സംസാരിക്കുകയും ചെയ്തു.