കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ നിര്‍മാണ ക്രമക്കേട്; ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദുവിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി
തിരുവനന്തപുരം: കരാറുകാരെ വഴിവിട്ട് സഹായിച്ച് കെ.എസ്.ആര്‍.ടി.സി.ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ ചീഫ് എന്‍ജിനിയര്‍ ആര്‍. ഇന്ദുവിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി. നിലവില്‍ കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലിചെയ്യുന്ന ഇന്ദുവിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ആന്റണി രാജു ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് അറിയിച്ചിരുന്നു.
എറണാകുളം ഡിപ്പോയിലെ കാരയ്‌ക്കാമുറിയിലെ ഭരണനിര്‍വഹണ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മാണത്തിലെ ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ ഡിപ്പോകളുടെ നിര്‍മാണ നടപടി ക്രമങ്ങളില്‍ ഗുരുതര വീഴ്‌ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിച്ചതിനുമാണ് നടപടി.
- Advertisement -
ആര്‍ ഇന്ദുവിനെ സസ്പെന്‍ഡ് ചെയ്‌ത് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട്‌നല്‍കിയിരുന്നു. എറണാകുളം ഡിപ്പോയിലെ ഭരണനിര്‍വഹണ ബ്ലോക്കിന്റെ നിര്‍മാണത്തിലെ അപാകം കാരണം സര്‍ക്കാരിനുണ്ടായ 1.39 കോടി രൂപയുടെ നഷ്‌ടം ഇന്ദുവില്‍നിന്ന് ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. തൊടുപുഴ ഡിപ്പോയില്‍ യാര്‍ഡ് നിര്‍മാണ കാലാവധി 11 മാസംകൂടി ദീര്‍ഘിപ്പിച്ചു നല്‍കിയെന്നും മൂവാറ്റുപുഴ ഡിപ്പോയിലെ മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണത്തില്‍ കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടോമിന്‍ തച്ചങ്കരി മേധാവിയായിരുന്നപ്പോഴാണ് സിവില്‍ വിഭാഗത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ചീഫ് എന്‍ജിനിയറായ ഇന്ദുവിനെ ഇതേത്തുടര്‍ന്ന് ചുമതലകളില്‍ നിന്ന് മാറ്റി നിറുത്തുകയും സിവില്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം മരവിപ്പിക്കുകയും ചെയ്തു. പിന്നീട് സ്ഥാനമേറ്റ ബിജുപ്രഭാകര്‍ ഇന്ദുവിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഡെപ്യൂട്ടേഷനില്‍ പോയത്.
- Advertisement -