സ്‌കൂൾ തുറക്കൽ; ആദ്യ ആഴ്ചയിൽ കുട്ടിയെ അറിയാൻ ശ്രമം, രണ്ടാഴ്ചക്ക് ശേഷം പാഠങ്ങൾ തീരുമാനിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: അടുത്ത മാസം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി മാർഗ്ഗ നിർദ്ദേശങ്ങൾ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിന് ശേഷം പാഠഭാഗങ്ങൾ ഏതെക്കൊ പഠിപ്പിക്കണം എന്നതിൽ സർക്കാർ തീരുമാനമെടുക്കും. ടൈം ടേബിൾ അതാത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. പരമാവധി കുട്ടികളെ സ്‌കൂളിലേക്കെത്തിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണമെന്ന് അക്കാദമിക് മാർഗ്ഗരേഖ പ്രകാശനം ചെയ്ത് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.
വലിയ ഇടവേളക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ ആദ്യം നേരെ പാഠഭാഗങ്ങൾ പഠിപ്പിക്കില്ലെന്നാണ് തീരുമാനം. നീണ്ട കാലം വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്ചയിൽ വിലയിരുത്തും. വിക്ടേഴ്‌സ് വഴി നടന്ന പഠനത്തോടുള്ള കുട്ടിയുടെ പ്രതികരണം മനസ്സിലാക്കും. കളി ചിരികളിലൂടെ മെല്ലെ മെല്ലെ പഠനത്തിന്റെ ലോകത്തേക്ക് എത്തിക്കും. ആ രീതിയിലാണ് അക്കാദമിക് മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ആഴ്ചകളിൽ വീഡിയോകൾ വഴിയും ഗെയിമുകൾ വഴിയുമോക്കെ പാഠഭാഗങ്ങൾ കാണിച്ച് കൂട്ടായി ചർച്ച ചെയ്ത് കുട്ടിയെ മനസ്സിലാക്കും.
- Advertisement -
പ്രസന്റ് ടീച്ചർ എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിലടക്കം കുട്ടിയെ സ്‌കൂളിലേക്ക് വിടാൻ പല രക്ഷിതാക്കൾക്കും പേടിയുണ്ടെന്ന് തെളിഞ്ഞിരുന്നു. ആർക്കും ആശങ്ക വേണ്ടെന്നും ആരെയും ആദ്യനാളുകളിൽ നിർബന്ധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷെ പരമാവധി കുട്ടികളെ സ്‌കൂളിന്റെ അന്തരീക്ഷത്തിലേക്ക് എത്തിക്കാൻ കൂട്ടായി ശ്രമിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് അഭ്യർത്ഥിച്ചു.
- Advertisement -