Ultimate magazine theme for WordPress.

സഭാതർക്കം; സർക്കാരിൻറെ വിഷമം മനസിലാക്കുന്നു, പക്ഷമുണ്ടെന്ന് കരുതുന്നില്ലെന്ന് മാത്യൂസ് തൃതീയൻ

0

കോട്ടയം: സഭാ തർക്കത്തിൽ കോടതി വിധി നടപ്പാക്കാൻ സമ്മതിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് ഓർത്തഡോക്‌സ് പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ. സർക്കാരിന് പക്ഷമുണ്ടെന്ന് കരുതുന്നില്ല. വിധി നടപ്പാക്കുന്നതിലെ സർക്കാരിൻറെ വിഷമം സഭ മനസിലാക്കുന്നു. ഒരു പാർട്ടിയുമായും പ്രത്യേക അകലവുമില്ല, അടുപ്പവുമില്ലെന്നും മാത്യൂസ് തൃതീയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അത്തനാസിയോസ് മെത്രോപൊലീത്തയുടെ മരണത്തിലെ തനിക്കെതിരായ കേസിനോടും മാത്യൂസ് തൃതീയൻ പ്രതികരിച്ചു.

കേസ് തന്നെ അപമാനിക്കാനുള്ള ശ്രമമാണ്. കള്ളക്കേസുണ്ടാക്കിയത് അതിനുവേണ്ടിയാണ്. തീവണ്ടിയിൽ നിന്ന് വീണുള്ള മരണത്തിൽ ദുരൂഹതയില്ലെന്ന് അന്വേഷണ ഏജൻസികളെല്ലാം കണ്ടെത്തിയതാണ്. തൻറെ മൊഴിയെടുത്തിട്ടില്ലെന്നും ബാവ വ്യക്തമാക്കി. അത്തനാസിയോസ് മെത്രോപൊലീത്ത തീവണ്ടിയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഓർത്തഡോക്‌സ് സഭാ കാതോലിക ബാവ അടക്കം മൂന്ന് പേർക്കെതിരെയാണ് അന്വേഷണം.

- Advertisement -

അത്തനാസിയോസിൻറെ മരണം കൊലപാതകമാണെന്ന് ചൂണ്ടികാട്ടി പുത്തൻകുരിശ് സ്വദേശി തോമസ് ടി പീറ്റർ നൽകിയ പരാതിയിൽ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശ പ്രകാരമാണ് നോർത്ത് പൊലീസ് കേസ് എടുത്തത്. കൊലപാതകം ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ പ്രകാരം ആണ് കേസ്. കാതോലിക ബാവയ്ക്ക് പുറമെ , ഗീവർഗീസ് മാർ യൂലിയോ മെത്രാപോലീത, ഓർത്തഡോക്‌സ് ചർച്ചു സെക്രട്ടറി ബിജു ഉമ്മൻ എന്നിവരെ ഉൾപ്പെടുത്തിയാണ് കേസ്.

2018 ആഗസ്റ്റ് 24 ന് പുലർച്ചെയാണ് എറണാകുളം പുല്ലേപ്പടിക്ക് അടുത്ത് തോമസ് മാർ അത്തനാസിയോസ് മെത്രാപൊലീത്തയെ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിൽ തൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്‌കൂൾ സന്ദർശിച്ച് മടങ്ങിവരുന്നതിനിടെയാണ് പുലർച്ചെ 4.15 ഓടെ അപകടം നടന്നത്. സംഭവത്തിൽ നേരത്തെ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തിയെങ്കിലും കൊലപാതകമാണെന്നതിന് തെളിവുകൾ ലഭിച്ചിരുന്നില്ല.

- Advertisement -

Leave A Reply

Your email address will not be published.