തിരുവനന്തപുരം: ഇന്ധനവില വർധനവിലൂടെ നടപ്പുസാമ്പത്തിക വർഷം സംസ്ഥാനത്തിന് 201.93 കോടി രൂപയുടെ അധികവരുമാനം ലഭിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വില വർധനവിലൂടെ പെട്രോളിൽനിന്ന് 110.59 കോടി രൂപയും ഡീസലിൽനിന്ന് 91.34 കോടി രൂപയുമാണ് സംസ്ഥാനത്തിന് കൂടുതലായി ലഭിച്ചത്. എന്നാൽ കോവിഡ് കാരണം നികുതി വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനിടെ, വ്യാഴാഴ്ചയും രാജ്യത്തെ ഇന്ധനവില വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.59 രൂപയായി. ഡീസലിന്റെ വില 104.30 രൂപയാണ്. കൊച്ചിയിൽ 108.55 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 102.40 രൂപയും.
- Advertisement -
രാജസ്ഥാനിലെ ഗംഗാനഗറിൽ ഒരു ലിറ്റർ പെട്രോളിന് 120.49 രൂപയാണ് വില. ഡീസലിന്റെ വില 111.40 രൂപയായും ഉയർന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ഡീസലിന്റെ വിലയിൽ 8.49 രൂപയുടെ വർധനവാണുണ്ടായത്. പെട്രോളിന് 6.75 രൂപയും കൂടി.
- Advertisement -