Ultimate magazine theme for WordPress.

വാഹനം തകർത്ത കേസ് ഒത്തുതീർപ്പാകാനുള്ള സാധ്യത മങ്ങുന്നു, അറസ്റ്റിലായ ആളുടെ ജാമ്യഹർജിയിൽ കക്ഷി ചേരാൻ ജോജു

0

കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ് ഒത്തുതീർപ്പാകാനുള്ള സാധ്യത നീളുന്നു. വാഹനം തകർത്ത കേസിൽ അറസ്റ്റിലായ ജോസഫിൻറെ ജാമ്യഹർജിയിൽ കക്ഷി ചേരാൻ ജോജു ജോർജ് തീരുമാനിച്ചു. കോടതിയിൽ ഇതിനുള്ള ഹർജി ജോജു ജോർജ് സമർപ്പിച്ചു. ജാമ്യഹർജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി പരിഗണിക്കും. ജാമ്യഹർജി എറണാകുളം സിജെഎം കോടതിയാണ് പരിഗണിക്കുന്നത്

വൈറ്റിലയിലെ കോൺഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനിടെയാണ് നടൻ ജോജു ജോർജിന്റെ വാഹനം തകർത്തത്. വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ രണ്ട് കേസുകളാണ് അന്ന് പൊലീസ് രജിസ്റ്റർ ചെയ്തത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തത്. ജോജുവിന്റെ പരാതിയിൽ കാർ തകർത്ത കേസിൽ ഐഎൻടിയുസി പ്രവർത്തകൻ ജോസഫിനെ അറസ്റ്റ് ചെയ്തിരുന്നു. ജോജുവിൻറെ വാഹനത്തിൻറെ ചില്ല് കല്ലുകൊണ്ട് തകർത്തതിന് രണ്ട് ദിവസം മുന്പാണ് ജോസഫ് അറസ്റ്റിലായത്

- Advertisement -

കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കമുള്ളവർക്കെതിരെയാണ് കേസ്. കേസിൽ അന്വേഷണം മുറുകി നേതാക്കൾ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോൾ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് സമവായ നീക്കം ഉണ്ടായി. ജോജു ജോർജുമായി ചർച്ചകൾ നടത്തിയെന്നാണ് സൂചന.
ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീർക്കാൻ ചർച്ചകൾ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു. പ്രശ്‌നം രമ്യമായി തീരുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഇതിനിടയിലാണ് ജോജു ജോർജ് ജാമ്യഹർജിയിൽ കക്ഷി ചേരാൻ തീരുമാനിച്ചത്.

ജോജു സമവായത്തിനില്ലെങ്കിൽ നേതാക്കൾ അടക്കം കൂടുതൽ പേരുടെ അറസ്റ്റിന് വഴിയൊരുങ്ങും

 

- Advertisement -

Leave A Reply

Your email address will not be published.