ഭുവനേശ്വര്‍: കേന്ദ്ര സര്‍ക്കാര്‍ നികുതി നിരക്ക് കുറച്ചതിനെ തുടര്‍ന്ന് ഡീസല്‍ വില കുറഞ്ഞതോടെ ബസ് ചാര്‍ജ് നിരക്ക് പുതുക്കി നിശ്ചയിച്ച് ഒഡീഷ സര്‍ക്കാര്‍.
ഇന്ധന നികുതിയില്‍ മാറ്റമുണ്ടായതിന് പിന്നാലെ സംസ്ഥാനം വാറ്റ് കൂടി കുറച്ചതോടെ ഡീസല്‍ വിലയില്‍ വലിയ മാറ്റമാണ് ഒഡീഷയില്‍ ഉണ്ടായത്. സംസ്ഥാനത്ത് ഡീസല്‍ വില 102.34 രൂപയില്‍ നിന്ന് 91.61 രൂപയായാണ് കുറഞ്ഞിരിക്കുന്നത്.
- Advertisement -
സിറ്റി ബസുകള്‍ ഒഴികെയുള്ളവയുടെ നിരക്ക് കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബസ് ചാര്‍ജ് കുറച്ച് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കി. ഓര്‍ഡിനറി ബസുകള്‍ക്ക് കിലോമീറ്ററിന് ഈടാക്കിയിരുന്ന 92 പൈസയില്‍ നിന്ന് 87 പൈസയായി കുറച്ചു. എക്‌സ്‌പ്രസ് ബസുകളുടെത് 96 പൈസയില്‍ നിന്ന് കിലോമീറ്ററിന് 91 പൈസയുമാക്കി പുനര്‍ നിശ്ചയിച്ചു.
ഡീലക്സ്, എ സി ഡീലക്സ്, സൂപ്പര്‍ പ്രീമിയം ബസുകളിലും ആനുപാതികമായ നിരക്ക് കുറവുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് ശേഷം നവംബര്‍ 4 ന് ഒഡീഷ സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ദ്ധിത നികുതി മൂന്ന് രൂപയായി കുറച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബസ് ചാര്‍ജ് കുറയ്ക്കാന്‍ സാധിച്ചത്.
- Advertisement -