തിരുവനന്തപുരം: വ്യാജ ഡോക്‌ടറേറ്റ് ആരോപണത്തില്‍ വനിത കമ്മിഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ വെട്ടില്‍. തെരഞ്ഞെടുപ്പ് കമ്മിഷനും വനിതാ കമ്മിഷന്‍ അംഗത്വത്തിനായി നല്‍കിയ വ്യക്‌തിഗത വിവരത്തിലും വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചു പറഞ്ഞതു തെറ്റായ കാര്യങ്ങളാണെന്നു ലോകായുക്‌തയില്‍ നല്‍കിയ വിശദീകരണത്തില്‍ ഷാഹിദാ കമാല്‍ സമ്മതിച്ചു.
തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാന്‍, ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ലോകായുക്‌തയില്‍ പരാതി നല്‍കിയിരുന്നു. ഷാഹിദ കമാല്‍ വ്യാജ വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിച്ചെന്നും ഡോക്‌റേറ്റ് വ്യാജമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നു ലോകായുക്‌ത ഷാഹിദായ്‌ക്ക് നോട്ടീസയയ്‌ക്കുകയായിരുന്നു. ഷാഹിദ ബി.കോം പാസായിട്ടില്ലെന്ന് കേരള സര്‍വകലാശാല നല്‍കിയ വിവരാവകാശരേഖ അഖില ഹാജാരാക്കിയിരുന്നു.
- Advertisement -
കസാക്കിസ്‌ഥാനിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനിനില്‍നിന്നാണു തനിക്ക് ഡോക്‌ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാല്‍ ലോകായുക്‌തയ്‌ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്. സാമൂഹിക രംഗത്തു താന്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഓണററി ഡോക്‌ടറേറ്റാണിന്നൊണ് വിശദീകരണം.
അതേസമയം, 2009, 2011 തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യതവച്ചതില്‍ പിഴവുണ്ടായെന്നും ഷാഹിദ പറയുന്നു. കേരള സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയെന്നാണു തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ രേഖ. എന്നാല്‍ 2016 ല്‍ അണ്ണാമല സര്‍വകലാശാലയില്‍നിന്നു താന്‍ ഡിഗ്രി എടുത്തുവെന്നാണു ഷാഹിദയുടെ വിശദീകരണം.
വിദ്യാഭ്യാസ യോഗ്യത ബി.കോം എന്നാണ് വനിതാ കമ്മിഷന്‍ അംഗമാകാന്‍ 2017 ല്‍ നല്‍കിയ ബയോഡേറ്റയില്‍ ഷാഹിദ നല്‍കിയിരിക്കുന്നത്. എന്നാല്‍ പിഎച്ച്.ഡി. നേടിയതായി 2018 ജൂലൈയില്‍ ഷാഹിദ സമൂഹികമാധ്യമങ്ങളില്‍ വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ 25 ന് ഫെയ്‌സ് ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയില്‍ പബ്ലിക് അഡ്‌മിനിട്രേഷനില്‍ പി.ജിയും കൂടാതെ ഡിലിറ്റും നേടിയെന്ന് അവകാശപ്പെട്ടു.
- Advertisement -