Ultimate magazine theme for WordPress.

സഭയിൽ തിരുത്തി സർക്കാർ; മുല്ലപ്പെരിയാർ സംയുക്ത പരിശോധന; കോടതിയിൽ പൊളിയുമെന്ന് പ്രതിപക്ഷം

0

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ല എന്ന് നേരത്ത പറഞ്ഞ മറുപടി സർക്കാർ നിയമസഭയിൽ തിരുത്തി. ജലവിഭവ മന്ത്രിക്ക് വേണ്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയാണ് തിരുത്തൽ സഭയെ അറിയിച്ചത്. എന്നാൽ സംയുക്ത പരിശോധന സർക്കാരിന് എതിരെ ഉന്നയിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ മറുനീക്കം. എന്താണ് തിരുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. സഭയിൽ ഒന്ന് പറയുകയും എകെജി സെന്ററിന് മുന്നിൽ മറ്റൊന്ന് പറയുകയും ചെയ്ത ആളാണ് വനം മന്ത്രിയെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ജൂൺ 11ന് കേരള, തമിഴ്‌നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി. അഡീഷണൽ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗമാണ് സംയുക്ത പരിശോധന തീരുമാനിച്ചത്. അതിന് പിന്നാലെ മരംമുറിക്കാൻ അനുമതി നൽകി ഉത്തരവ് ഇറക്കുന്നു. എന്നിട്ട് മന്ത്രിമാർ പറയുന്നു, ഒന്നും അറിഞ്ഞില്ലെന്ന്. ഏതോ ഒരു ഉദ്യോഗസ്ഥൻ ഒരു സുപ്രഭാതത്തിൽ ഉത്തരവ് ഇറക്കി എന്ന മട്ടിൽ ആണ് വനം മന്ത്രി പറയുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

- Advertisement -

ഈ നിലപാട് സുപ്രീം കോടതിയിലെ സർക്കാർ വാദം പൊളിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിന്റെ കേസ് ആവിയായി. ഇനി എങ്ങനെ പുതിയ ഡാം ആവശ്യപ്പെടുമെന്നും വി ഡി സതീശൻ ചോദിച്ചു. മരം മുറിക്കാൻ ഉള്ള അനുവാദം വേഗത്തിൽ ആക്കണം എന്ന് മാത്രമാണ് ജല വിഭവ സെക്രട്ടറി പറഞ്ഞത് എന്നും ഉത്തരവ് ഇടാൻ പറഞ്ഞിട്ടില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.

നേരത്തെ വനം മന്ത്രി പറഞ്ഞതിൽ നിന്നും വ്യത്യസ്തമായാണ് കൃഷ്ണൻ കുട്ടി ഇന്ന് പറഞ്ഞതെന്ന് വി ഡി സതീശൻ പറഞ്ഞു. രണ്ടു മന്ത്രിമാർ വ്യത്യസ്ത മറുപടി നൽകി. മരം മുറി ഉത്തരവ് ഇതുവരെ റദ്ദാക്കിയില്ല. വനം മന്ത്രി അടക്കമുള്ളവർ ഉത്തരവാദിത്വം പറയണമെന്നും വി ഡി സതീശൻ പറഞ്ഞു. മരമുറി അനുമതി നൽകിയത് മുഖ്യമന്ത്രി അറിഞ്ഞാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശേഷം പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങി പോയി

- Advertisement -

Leave A Reply

Your email address will not be published.