കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാർ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണ വിവരങ്ങളും ഐജി ലക്ഷ്മണിന് എതിരെ സ്വീകരിച്ച നടപടികളും സർക്കാർ കോടതിയെ അറിയിക്കും. തട്ടിപ്പ് സംബന്ധിച്ചു അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡിജിപി ലോകനാഥ് ബെഹ്റ, ഡിജിപി മനോജ് എബ്രഹാം എന്നിവർ എഴുതി എന്ന് അവകാശപ്പെടുന്ന കത്തുകൾ ഹാജരാക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദേശസംഘടനകളുമായി കേസിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും സത്യം പുറത്തുവരണം എന്നും കോടതി വ്യക്തമാക്കിയിരുന്നു. മോൻസന്റെ മുൻ ഡ്രൈവർ അജി പൊലീസ് പീഡനം ആരോപിച്ചു നൽകിയ ഹർജി പരിഗണിച്ചപ്പോൾ ആയിരുന്നു തട്ടിപ്പിലെ ഉന്നത ഇടപെടലുകളിൽ കോടതി ചില സംശയങ്ങൾ ഉന്നയിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുക.
- Advertisement -
അതേസമയം, പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ഐ ജി ലക്ഷ്മണിനെ ഇന്നലെയാണ് സസ്‌പെൻഡ് ചെയ്തത്. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലുമായി ഐ ജി ലക്ഷ്മണിന് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടത്തിയിരുന്നു. ലക്ഷ്മണിന്റെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് സസ്‌പെൻഷൻ. ഐജിക്കെതിരെ വനിത എംപിയുടെ പരാതിയും സർക്കാരിന് ലഭിച്ചിരുന്നു. ആന്ധ്രയിലെ ഒരു വനിത എംപിയാണ് ഐജി ലക്ഷ്മണക്കെതിരെ പരാതി നൽകിയത്.
- Advertisement -