മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കേടായ സുരക്ഷാ മുന്‍കരുതല്‍ ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്താനോ പകരം വയ്‌ക്കാനോ കഴിയില്ലെന്നു തമിഴ്‌നാട്
കൊച്ചി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കേടായ സുരക്ഷാ മുന്‍കരുതല്‍ ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്താനോ പകരം വയ്‌ക്കാനോ കഴിയില്ലെന്നു തമിഴ്‌നാട്.
58 ഉപകരണങ്ങളാണു ഇന്‍സ്‌ട്രമെന്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുന്നത്. ഇവയെല്ലാംതന്നെ നശിച്ചുകിടക്കുകയാണ്. എന്നാല്‍ അത്യാവശ്യമുള്ളതില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ടെന്നു സുപ്രീംകോടതിയില്‍ നല്‍കിയ മറുപടിയില്‍ തമിഴ്‌നാട് പറയുന്നു. ഭൂകമ്ബമാപിനി, മര്‍ദമാപിനി തുടങ്ങിയ പ്രധാനപ്പെട്ട ഉപകരണങ്ങള്‍ ഡാമില്‍ കേടായി കിടക്കുകയാണ്. ഗേറ്റ് ഓപ്പറേറ്റിങ് ഷെഡ്യൂള്‍ ഇല്ല. ഇതനുസരിച്ചു മാത്രമേ വെള്ളം കൊണ്ടുപോകാന്‍ കഴിയൂ.
- Advertisement -
ജലനിരപ്പു നിയന്ത്രണം കണക്കാക്കുന്ന റൂള്‍ കര്‍വ് തയാറാക്കിയതു കേരളത്തിന്റെ നിര്‍ദേശം കണക്കിലെടുത്തല്ലെന്നും ഇക്കാര്യത്തില്‍ സമഗ്രപഠനം ആവശ്യമാണെന്നു കേരളം നല്‍കിയ പത്രികയില്‍ പറയുന്നു.
മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്താനുള്ള നിര്‍മാണപ്രവൃത്തികള്‍ക്കു 15 മരം മുറിയ്‌ക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്നും തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ വിഷയം തമിഴ്‌നാട് ഉന്നയിക്കുന്നതു പ്രധാന ആവശ്യത്തില്‍നിന്നു ഒഴിഞ്ഞു മാറാനാണെന്നു കേരളം കരുതുന്നു. അണക്കെട്ടു ബലപ്പെടുത്താന്‍ സമ്മതിക്കാത്ത കേരളം ജനവികാരം ഇളക്കിവിടുകയാണെന്നു സ്‌ഥാപിക്കാനാണു തമിഴ്‌നാടിന്റെ ശ്രമം. ഇതു മുന്നില്‍ക്കണ്ടാവും കേരളം മറുപടി നല്‍കുക. പ്രധാന അണക്കെട്ടില്‍ സുരക്ഷാ ഉപകരണങ്ങള്‍ സ്‌ഥാപിക്കാതെ ബേബിഡാം ബലപ്പെടുത്തിയതുകൊണ്ടു മാത്രം ഭീതിയൊഴിയുന്നില്ലെന്ന് സംസ്‌ഥാനം ചൂണ്ടിക്കാട്ടും.
എന്നാല്‍, കേരളത്തിന്റെ വാദങ്ങളെ നിഷ്‌ഫലമാക്കാന്‍ തമിഴ്‌നാട് മരംമുറി ആയുധമാക്കിയേക്കും. ബേബി ഡാം ശക്‌തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണു തമിഴ്‌നാടിന്റെ മറുപടിയിലുള്ളത്. മരംമുറിക്കുന്നതും റോഡ് നന്നാക്കുന്നതുമുള്‍പ്പെടെയുള്ള സുപ്രധാനമായ കാര്യങ്ങളാണു ഉന്നയിച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ഈ വിഷയത്തില്‍ ഇപ്പോള്‍ നല്‍കുന്ന മറുപടി ഭാവിയിലും നിര്‍ണായകമാണ്.
- Advertisement -