കൊച്ചി: മൊഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ഗുരുതരമായ ആരോപണമുയര്‍ന്ന ആലുവ സി.ഐ. സുധീറിനെതിരേ കൂടുതല്‍ പരാതികള്‍. ആലുവ പോലീസ് സ്‌റ്റേഷനില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കാനെത്തിയ യുവതിയാണ് സി.ഐ.യില്‍നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്. പരാതി നല്‍കിയിട്ടും സി.ഐ. മൊഴിയെടുക്കാനോ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനോ തയ്യാറായില്ലെന്നും മണിക്കൂറുകള്‍ക്ക് ശേഷം വിരട്ടിയോടിച്ചെന്നും യുവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
‘ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സ്‌റ്റേഷനില്‍ പരാതിയുമായി പോയത്. എന്നാല്‍ മൊഴിയെടുക്കാനോ പരാതിയില്‍ കൂടുതല്‍ നടപടിയെടുക്കാനോ സി.ഐ. തയ്യാറായില്ല. മണിക്കൂറുകളോളം സ്‌റ്റേഷനില്‍ ഇരുത്തിയിട്ട് അവസാനം ഇറങ്ങിപ്പോകാനാണ് സി.ഐ. പറഞ്ഞത്. ഭീഷണിപ്പെടുത്തി സംസാരിച്ച്, വിരട്ടിയോടിക്കുകയായിരുന്നു. എടീ എന്നാണ് സി.ഐ. വിളിച്ചിരുന്നത്. പിന്നീട് ഞാന്‍ നല്‍കിയ പരാതിയില്‍ മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അതിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അതൊന്നും പറ്റില്ലെന്നായിരുന്നു സി.ഐ.യുടെ മറുപടി’- യുവതി വിശദീകരിച്ചു.
- Advertisement -
പിറ്റേദിവസം സ്റ്റേഷനില്‍ പോയപ്പോള്‍ മൊഫിയ പര്‍വീണിനെ കണ്ടതായും യുവതി പറഞ്ഞു. ‘ഏറെ വിഷമിച്ചാണ് ആ കുട്ടി സ്റ്റേഷനകത്തേക്ക് പോയത്. അതിനെക്കാളേറെ വിഷമത്തിലാണ് തിരിച്ചിറങ്ങിവന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അത്. ആ കുട്ടിയോടും പിതാവിനോടും വളരെ മോശമായാണ് പെരുമാറിയത്. ആ കുട്ടിയെയും സി.ഐ. ചീത്തവിളിച്ചിട്ടുണ്ടാകാം. ഞാന്‍ പുറത്തായതിനാല്‍ വ്യക്തമായി ഒന്നുംകേട്ടിരുന്നില്ല’-യുവതി പറഞ്ഞു. പരാതി നല്‍കാന്‍ പോയപ്പോള്‍ വനിതാ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ഒരിക്കല്‍ വനിതാസെല്ലില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ യാതൊരു നടപടിയും സ്വീകരിക്കാതെ പറഞ്ഞയക്കുകയാണ് ചെയ്തതെന്നും ഇവര്‍ പറഞ്ഞു.
മൊഫിയയുടെ ആത്മഹത്യയ്ക്ക് മുമ്പും സി.ഐ. സുധീറിനെതിരേ പലതരത്തിലുള്ള ആരോപണങ്ങളുയര്‍ന്നിരുന്നു. കൊല്ലം അഞ്ചല്‍ സി.ഐ.യായിരിക്കെ ഉത്ര വധക്കേസിലടക്കം ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരേ നേരത്തെയും പരാതികളുണ്ടായിരുന്നു.
ഉത്ര വധക്കേസിന്റെ പ്രാഥമികഘട്ടത്തിലെ തെളിവ് ശേഖരണത്തില്‍ സി.ഐ. വീഴ്ചവരുത്തിയെന്നായിരുന്നു റൂറല്‍ എസ്.പി.യുടെ അന്വേഷണറിപ്പോര്‍ട്ട്. ഇടമുളയ്ക്കലില്‍ ദമ്പതിമാര്‍ മരിച്ചസംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ മൃതദേഹം തന്റെ വീട്ടിലേക്ക് എത്തിച്ച സംഭവത്തിലും സി.ഐ.ക്കെതിരേ പരാതിയുണ്ടായിരുന്നു. അഞ്ചല്‍ സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ മറുനാടന്‍ തൊഴിലാളിയെ കൊണ്ട് സ്റ്റേഷനില്‍ പണിയെടുപ്പിച്ചെന്നും ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ഇത്രയധികം പരാതികളുയര്‍ന്നിട്ടും സുധീറിനെതിരേ വകുപ്പുതലത്തില്‍ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്ന് ആലുവ സ്റ്റേഷനിലേക്ക് മാറ്റംലഭിച്ചു. എന്നാല്‍ ആലുവയിലും ഈ ഉദ്യോഗസ്ഥനെതിരേ വ്യാപകമായ പരാതികളാണ് ഉയര്‍ന്നുവരുന്നത്.
- Advertisement -