Ultimate magazine theme for WordPress.

ജോലിക്ക് പോകാതെ സുഹൈല്‍; പച്ച കുത്താന്‍ നിര്‍ബന്ധിച്ചു; സ്ത്രീധന പീഡനവും – മൊഫിയയുടെ സഹപാഠി

0

ആലുവ: ഗാര്‍ഹികപീഡന പരാതി നല്‍കിയതിനു പിന്നാലെ ആത്മഹത്യചെയ്ത എല്‍എല്‍.ബി. വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ഭര്‍തൃവീട്ടില്‍ കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയിരുന്നതെന്ന് സഹപാഠി ജോവിന്‍. സ്ത്രീധനം ആവശ്യപ്പെട്ട് മൊഫിയയെ ഭര്‍ത്താവ് സുഹൈലും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് ജോവിന്‍ വെളിപ്പെടുത്തി. പർവീൺ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നുവെന്നും ജോവിന്‍ വ്യക്തമാക്കി.

‘വിവാഹം കഴിഞ്ഞ് ആദ്യ മാസത്തിലൊന്നും കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഭര്‍ത്താവ് സുഹൈലിന് ഗള്‍ഫില്‍ ജോലിയാണെന്നായിരുന്നു വിവാഹത്തിന് മുമ്പ് പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ ശേഷം ഗള്‍ഫിലെ ജോലി ഒഴിവാക്കിയെന്ന് പറഞ്ഞു. ഇനി സിനിമാ മേഖലയിലേക്ക് ഇറങ്ങാന്‍ പോകുകയാണ്. തിരക്കഥ എഴുതി ജീവിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും പറഞ്ഞിരുന്നു. മൊഫിയ പിന്തുണച്ചു.

- Advertisement -

എന്നാല്‍ ഒരു തരത്തിലുള്ള ജോലിക്കും സുഹൈല്‍ പോയിരുന്നില്ല. മുഴുവന്‍ സമയം മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുകയായിരുന്നുവെന്നാണ് മൊഫിയ പറഞ്ഞത്. ഇവളോട് സംസാരിക്കാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ തയ്യാറാകാതെ ആയി. പിന്നീട് ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. മാനസികമായി മൊഫിയയെ ഒരുപാട് തളര്‍ത്തി. ശാരീരിക പീഡനങ്ങളും ഇതിനിടയിലുണ്ടായി. ശരീരത്തില്‍ പച്ച കുത്തണമെന്ന് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇവള്‍ക്ക് അതില്‍ താത്പര്യമുണ്ടായിരുന്നില്ല. പറയാന്‍ പറ്റാത്ത പല കാര്യങ്ങള്‍ക്കും നിര്‍ബന്ധിച്ചിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്.

സമീപത്തുള്ള ഒരു സ്ഥലം വാങ്ങുന്നതിന് സ്ത്രീധനത്തിനായി സുഹൈലിന്റെ മാതാപിതാക്കള്‍ മൊഫിയയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ചുനാളുകളെ ആയിട്ടുള്ളുവെന്നതിനാല്‍ മൊഫിയയുടെ വീട്ടുകാര്‍ക്ക് ഈ സമയത്ത് പണം കൊടുക്കുനുണ്ടായിരുന്നില്ല. താന്‍ നേരിടുന്ന മാനസിക പീഡനങ്ങള്‍ മൊഫിയ വീട്ടുകാരെ അറിയിക്കുമെന്നുള്ളതിനാലാകാം മൊഫിയ മാനസിക രോഗിയാണെന്ന് പറഞ്ഞ് പരത്താനുള്ള ശ്രമം നടത്തിയിരുന്നു. നാട്ടിലൊക്കെ അങ്ങനെ പറഞ്ഞ് പരത്തി.

സ്റ്റേഷനില്‍ നിന്ന് വിളിപ്പിച്ചതനുസരിച്ച് വലിയ പ്രതീക്ഷകളോടെയാണ് അവള്‍ പോയിരുന്നത്. എന്നാല്‍ സിഐയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത് അവളെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടാകാമെന്നാണ് മനസ്സിലാക്കുന്നത്. സിഐ ഒന്ന് മയത്തില്‍ സംസാരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ മൊഫിയ ഞങ്ങള്‍ക്കൊപ്പം ഇന്ന് ക്ലാസില്‍ ഇരിക്കുമായിരുന്നു’ – ജോവിന്‍ പറഞ്ഞു. തൊടുപുഴ അല്‍ അസര്‍ കോളേജിലെ മൂന്നാം വര്‍ഷ എല്‍എല്‍.ബി. വിദ്യാര്‍ഥിയായിരുന്നു മൊഫിയ.

- Advertisement -

Leave A Reply

Your email address will not be published.