ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലികളുടെയും റോഡ് ഷോകളുടെയും വിലക്ക് നീട്ടാൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ജനുവരി 31 വരെയാണ് വിലക്ക് നീട്ടാൻ തീരുമാനിച്ചത്. ഇന്ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് 31 വരെ നീട്ടിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലടക്കം കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.
- Advertisement -
അതേസമയം ഫെബ്രുവരി 10,14 തീയതികളിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം.
ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ വിലക്ക് നീട്ടുന്നത്. എന്നാൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ജനുവരി 28 മുതലും രണ്ടാം ഘട്ടം നടക്കുന്നിടത്തെ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ഫെബ്രുവരി ഒന്നു മുതലും പൊതുയോഗങ്ങളും മറ്റും നടത്താൻ അനുമതി നൽകിയിട്ടുണ്ട്. 500 പേർ അല്ലെങ്കിൽ പൊതുയോഗം നടക്കുന്ന ഗ്രൗണ്ടിന്റെ ശേഷിയുടെ 50 ശതമാനം പേർക്കോ മാത്രം പങ്കെടുക്കാനാണ് അനുമതി.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 10 മുതൽ മാർച്ച് ഏഴ് വരെ വോട്ടെടുപ്പ് നടക്കും.
- Advertisement -