Ultimate magazine theme for WordPress.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍: 8 ദിവസത്തെ സന്ദര്‍ശനം, വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കും

0

ദുബായ്: അമേരിക്കയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ മാറ്റം വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ദുബായിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരിയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഭാര്യ കമലയും ഒപ്പമുണ്ട്. എട്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ആദ്യത്തെ മൂന്ന് ദിനം പൂര്‍ണ വിശ്രമമാണ്.

പിന്നീട് വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന പിണറായി വിജയന്‍ ഭരണാധികാരികളും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വ്യവസായ മേഖലയിലെ നിയമ പരിഷ്കരണങ്ങള്‍, ഡിജിറ്റല്‍ വല്‍ക്കരണം, നടപടിക്രമങ്ങളിലെ ലളിതവല്‍ക്കരണമെല്ലാം ബോധ്യപ്പെടുത്തും. അടുത്തമാസം നാലിന് ദുബായ് എക്സ്പോയിലെ ഇന്ത്യന്‍ പവലിയിനില്‍ കേരള സ്റ്റാളിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. എക്സപോയില്‍ ആറുദിവസമാണ് കേരളത്തിന്‍റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. ചെറുകിട – ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടാനായിരിക്കും അവസരം വിനിയോഗിക്കുക.

- Advertisement -

രാജ്യാന്തര വ്യവസായികളെ  ഉൾപ്പെടുത്തി അടുത്തമാസം അഞ്ചിന് രണ്ടു നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുബായില്‍ നടത്തും. അറബ്, രാജ്യാന്തര വ്യവസായികളെയും മലയാളി വ്യവസായികളെയും ഉൾപ്പെടുത്തിയായിരിക്കും സമ്മേളനങ്ങള്‍. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കെഎസ്ഐഡിസി  എംഡി രാജമാണിക്യം കഴിഞ്ഞ ദിവസം ദുബായില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവും ചര്‍ച്ചകളില്‍ പങ്കെടുക്കും. അഞ്ചാം തിയതി ദുബായി അല്‍ നാസര്‍ ലെഷര്‍ലാന്‍റില്‍ മലയാളി സമൂഹവുമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കൊവിഡ് സാഹചര്യത്തില്‍ യുഎഇ സര്‍ക്കാരിന്‍റെ അനുമതി കാത്തിരിക്കുകയാണ് സംഘാടകര്‍.

- Advertisement -

Leave A Reply

Your email address will not be published.