തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധ നയങ്ങൾ നിർബാധം നടത്തിവരുന്നതായും തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധനവ്, പാർപ്പിട നിർമ്മാണം, ഇ എസ് ഐ പരിധിയിൽ ഉൾപ്പെടുത്തുമെന്നതും പെൻഷൻ പ്രായം വർദ്ധിപ്പിക്കുമെന്നതുമായ പ്രഖ്യാപനങ്ങൾ ഇവ യാതൊന്നും നടപ്പാക്കാതെ തൊഴിലാളികളെ വഞ്ചിക്കുകയാണ്. അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ പ്രവർത്തിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാതെയും തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാതെ കേന്ദ്ര സർക്കാരും വഞ്ചിക്കുകയാണെന്ന് അഖില കേരള തോട്ടം തൊഴിലാളി ഫെഡറേഷൻ (യുടിയുസി) സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഏപ്രിൽ 28 ന് സെക്രട്ടേറിയറ്റ് പടിക്കൽ മാർച്ചും ധർണ്ണയും നടത്താൻ യോഗം തീരുമാനിച്ചു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.എ.അസീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജി. ബേബി റിപ്പോർട്ട് അവതരിപ്പിച്ചു. യുടിയുസി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് , ജോസഫ് വിളക്കുന്നേൽ, തങ്കപ്പൻ , സെയ്ദ് മുഹമ്മദ് , പി.എസ്.ഹരിഹരൻ , ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
- Advertisement -